Advertisement

ചവറ ഉപതെരഞ്ഞെടുപ്പ്; മുന്‍ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ എല്‍ഡിഎഫ് പരിഗണനയില്‍

September 5, 2020
Google News 1 minute Read

അന്തരിച്ച മുന്‍ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ഡോ. സുജിത്ത് വിജയൻ ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. ആര്‍എസ്പി കേന്ദ്രമായ ചവറയില്‍ വിജയമുറപ്പിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. എന്‍. വിജയന്‍പിള്ളയുടെ മുന്‍ ആര്‍എസ്പി, കോണ്‍ഗ്രസ് ബന്ധം മകനുള്ള വോട്ടായി എത്തുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടലുകള്‍. ആര്‍എസ്പിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനാണ് എല്‍ഡിഎഫ് ശ്രമം. നേതാക്കളായ ടി. മനോഹരന്‍, പ്രസന്ന ഏണസ്റ്റ്, വനിതാ നേതാക്കളായ സൂസന്‍ കോടി, ചിന്ത ജെറോം എന്നിവരും ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ട്.

ഷിബു ബേബി ജോണിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എന്‍. വിജയന്‍പിള്ളയുടെ മകനെ പരിഗണിക്കുന്നതിനുള്ള എല്‍ഡിഎഫിന്റെ നീക്കം. കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍എസ്പി. സാധാരണഗതിയില്‍ യുഡിഎഫില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം പതിവാണ്. എന്നാല്‍ ഇത്തവണ ചവറയില്‍ യുഡിഎഫിന് പതിവ് ആശങ്കയില്ല. ഷിബു ബേബി ജോണല്ലാതെ മറ്റൊരു പേരും യുഡിഎഫ് പരിഗണിച്ചതേയില്ല.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയായിരുന്നു എന്‍. വിജയന്‍പിള്ള നിയമസഭയില്‍ എത്തിയത്. സിഎംപി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ചത്. പിന്നീട് സിഎംപി സിപിഐഎമ്മില്‍ ലയിക്കുകയും എന്നാല്‍ നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടത് സ്വതന്ത്രനായി നിയമസഭയില്‍ തുടരുകയുമായിരുന്നു. ഇതേ രീതിതന്നെ ഇത്തവണയും തുടരാനാവും എല്‍ഡിഎഫ് മുന്നണിയുടെ തീരുമാനം.

ഇടതുസ്വതന്ത്രനായിട്ടായിരിക്കും എന്‍ വിജയന്‍പിള്ളയുടെ മകന്‍ മത്സരിക്കാന്‍ ഇറങ്ങുക. ആര്‍എസ്പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായിരിക്കും എല്‍ഡിഎഫ് ശ്രമം. വിജയന്‍പിള്ളയെ താത്പര്യമുള്ളവര്‍ ആര്‍എസ്പിയിലും കോണ്‍ഗ്രസിലും ഉണ്ടാകും. ആ പിന്തുണ മകനിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ആയ ഡോ. സുജിത് ചവറ അരവിന്ദ ആശുപത്രിയില്‍ ഡയറക്ടര്‍ ആണ്. ആതുര സേവന രംഗത്ത് ചവറ നിവാസികള്‍ക്ക് ഏറെ പരിചിതനാണ് ഡോ. സുജിത്ത്.

Story Highlights chavara by election, dr. v sujith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here