ആറ്റിങ്ങലില്‍ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവം; ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം

സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം. കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവിന്റെ ഉറവിടം ബംഗളൂരുവും മൈസൂരുമെന്നാണ് കണ്ടെത്തല്‍. പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കടത്തി കൊണ്ടു വന്ന 20 കോടി വില വരുന്ന കഞ്ചാവാണ് ആറ്റിങ്ങല്‍ കോരാണിയില്‍ നിന്ന് പിടിച്ചെടുത്തത്.

ആന്ധ്രയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നാണ് 500 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. കഞ്ചാവ് മാഫിയയുടെ വേരുകള്‍ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടും. ആന്ധ്രയിലെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. മലയാളികള്‍ നിയന്ത്രിക്കുന്ന കഞ്ചാവ് മാഫിയയെന്നും സൂചനകളുണ്ട്.

നിലവില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത പഞ്ചാബ് സ്വദേശികളായ കുല്‍വന്ത് സിങ്, ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവര്‍ കരിയര്‍മാരെന്നാണ് വിലയിരുത്തല്‍. ഡ്രൈവറുടെ കാബിന് സമീപം രഹസ്യ അറയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ സമാനസ്വഭാവമുള്ള കേസുകളും എക്‌സൈസ് പരിശോധിച്ചു വരികയാണ്. കഞ്ചാവ് കടത്ത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ എക്‌സൈസ് മന്ത്രി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story Highlights cannabis seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top