മാസ്ക് ധരിക്കാതെ കളി കണ്ട് ക്രിസ്ത്യാനോ; മാസ്കണിയാൻ ആവശ്യപ്പെട്ട് യുവേഫ സ്റ്റാഫ്: വൈറൽ വിഡിയോ

ഫേസ് മാസ്ക് ധരിക്കാതെ മത്സരം കണ്ട പോർച്ചുഗലിൻ്റെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയോട് മാസ്ക് അണിയാൻ ആവശ്യപ്പെടുന്ന യുവേഫ സ്റ്റാഫിൻ്റെ വിഡിയോ വൈറൽ. യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന പോർച്ചുഗൽ-ക്രൊയേഷ്യ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റാഫിൻ്റെ അഭ്യർത്ഥന പ്രകാരം മാസ്ക് ധരിക്കുന്ന സൂപ്പർ താരത്തെയും വിഡിയോയിൽ കാണാം.
Read Also : സുവാരസ് ഇനി ക്രിസ്ത്യാനോക്കൊപ്പം; യുവന്റസിൽ മുൻ ബാഴ്സ സഹതാരം ആർതറിനൊപ്പം ചേരും
22 സെക്കൻഡുകൾ മാത്രമുള്ള വിഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പരുക്ക് പറ്റിയതിനെ തുടർന്ന് ക്രൊയേഷ്യക്കെതിരെ കളത്തിലിറങ്ങാതിരുന്ന താരം ഗ്യാലറിയിൽ മറ്റ് താരങ്ങൾക്കൊപ്പം ഇരിക്കുന്നത് വിഡിയോയിൽ കാണാം. മറ്റുള്ളവർ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യാനോ മാസ്ക് ഇല്ലാതെയാണ് ഇരിക്കുന്നത്. അല്പം കഴിയുമ്പോൾ ഒരു യുവതി വന്ന് അദ്ദേഹത്തോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് പോർച്ചുഗൽ താരം മാസ്ക് ധരിക്കുകയാണ്. മാസ്ക് ധരിച്ചു കഴിയുമ്പോൾ ആണ് യുവതി അവിടെ നിന്ന് മടങ്ങുന്നത്.
Read Also : യുവേഫ നേഷൻസ് ലീഗിന് ഇന്ന് കിക്കോഫ്: ഉദ്ഘാടന മത്സരം ലാത്വിയ-അണ്ടോറ; ജർമനി-സ്പെയിൻ മത്സരം പുലർച്ചെ
താരത്തിനു പരുക്ക് പറ്റിയത് തേനീച്ച കുത്തിയിട്ടാണെന്ന ചില റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. കാലിൽ തേനീച്ച കുത്തി ചുവപ്പു നിറത്തിലായെന്നും നീരു വന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് പോർച്ചുഗൽ ക്രൊയേഷ്യയെ തകർത്തു. കാൻസെലോ, ഡിയോഗോ ജോത, ഫെലിക്‌സ്, ആൻഡ്ര്യൂ സിൽവ എന്നിവരാണ് പറങ്കികൾക്കായി വല ചലിപ്പിച്ചത്. കളിയുടെ സമസ്ത മേഖലകളിലും മികച്ചു നിന്ന പോർച്ചുഗൽ ക്രൊയേഷ്യയെ എല്ലാ അർത്ഥത്തിലും കീഴ്പ്പെടുത്തുകയായിരുന്നു.
Story Highlights – Cristiano Ronaldo told to wear face mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here