സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; നടി റിയ ചക്രവർത്തിയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ വീണ്ടും ഹാജരാകാൻ നിർദേശം നൽകി. ഇന്നത്തെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ നീണ്ടു. അതേസമയം, സുശാന്തിന് തെറ്റായ മരുന്ന് നൽകിയതിന് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ കേസെടുക്കണമെന്ന് റിയ ചക്രവർത്തി ആവശ്യപ്പെട്ടു. നടി മുംബൈ പൊലീസിന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്നലെയും ഇന്നുമായി നടന്ന ചോദ്യം ചെയ്യലിനോട് റിയ ചക്രവർത്തി സഹകരിച്ചെന്നാണ് റിപ്പോർട്ടുകൾ. എൻസിബി കസ്റ്റഡിയിൽ കഴിയുന്ന സഹോദരൻ ഷൊവിക് ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിച്ചിരുന്നു. സഹോദരനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോൾ റിയ ചക്രവർത്തി തേങ്ങി. ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയെന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകളിലും ചോദ്യങ്ങൾ ഉയർന്നു. സുശാന്ത് സിംഗ് രജ്പുത് ലഹരി വസ്തുക്കൾക്ക് അടിമയായിരുന്നോ തുടങ്ങിയ നിർണായക ചോദ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി.
അതേസമയം, സുശാന്തിന് തെറ്റായ മരുന്ന് നൽകിയതിന് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെയും, മരുന്ന് നിർദേശിച്ച ഡോക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് റിയ ചക്രവർത്തി മുംബൈ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ ആന്തരാവയങ്ങളിൽ വിഷാംശമുണ്ടോയെന്ന് പരിശോധിക്കുന്നതായും, പത്ത് ദിവസത്തിനകം പരിശോധനാഫലം തയാറാകുമെന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത അറിയിച്ചു.
Story Highlights – Sushant Singh Rajput dies; Actress Riya Chakraborty was interrogated and released on the second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here