വിശദീകരണം ഫോണിലൂടെ തേടി; കമറുദ്ദീനെ അതൃപ്തി അറിയിച്ച് ലീഗ്

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനുമായി നടത്താനിരുന്ന കൂടിക്കാഴ്ച മുസ്ലീം ലീഗ് നേതൃത്വം ഉപേക്ഷിച്ചു. കമറുദ്ദീനിൽ നിന്ന് ലീഗ് നേതൃത്വം ഫോൺ മുഖാന്തരം വിശദീകരണം വാങ്ങി. കാസർഗോഡ് ജില്ലാ നേതാക്കളുമായി പാണക്കാട് വൈകീട്ട് നടക്കുന്ന ചർച്ചക്ക് ശേഷം തീരുമാനം അറിയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണുന്നതിൽ ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് എം.സി. കമറുദ്ദീനുമയുള്ള നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്. കാസർഗോട്ട് നിന്നുള്ള മുസ്ലീം ലീഗ് നേതാക്കളായ എം.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും മലപ്പുറം ലീഗ് ആസ്ഥാനത്തുവച്ച് ചർച്ച നടത്തുകയും ചെയ്തു. ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്ന് കമറുദ്ദീനെ മാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. യോഗത്തിനിടെ ഫോണിലൂടെ മുസ്ലിം ലീഗ് നേതൃത്വം കമറുദ്ദീന്റെ വിശദീകരണം തേടുകയും ചെയ്തു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് രാഷ്ട്രീയമായി ലീഗിനെ ഉലക്കുമ്പോൾ മഞ്ചേശ്വരം എം.എൽ.എ കമറുദ്ദീനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയാണ് ലീഗ് നേതൃത്വം. കാസർഗോട്ടെ പാർട്ടിയിലെ ഭിന്നതയും തലവേദനയാകുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ നയപരമായ തീരുമാനങ്ങളിലൂടെ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം.

Story Highlights M C kamaruddin, Muslim League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top