വെഞ്ഞാറമൂട് ഇരട്ടക്കൊല: കൃത്യം നടത്തിയ രീതി വിശദീകരിച്ച് പ്രതികൾ; തെളിവെടുത്തു

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിക്കായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യം നടത്തിയ രീതികൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
കേസിലെ മറ്റ് പ്രതികളായ അൻസാർ, നജീബ്, അജിത് എന്നിവരെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളികളാകാത്തവരാണിവർ. ഗൂഢാലോചന നടന്ന മുത്തികാവിലെ റബ്ബർ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോൾ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്.
ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ് (30) ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കൊലപാതക സ്ഥലത്ത് രണ്ട് കൂട്ടരും എത്തിയത് ആസൂത്രിതമായാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
Story Highlights – Venjaramoodu twin murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here