തലസ്ഥാനത്ത് ഡിസിസി അംഗത്തിന്റെ വീട്ടിൽ കുപ്രസിദ്ധ ഗൂണ്ടകളുടെ ഒത്തുചേരൽ; ചിത്രങ്ങൾ പുറത്ത്

തലസ്ഥാനത്ത് ഡിസിസി അംഗത്തിന്റെ വീട്ടിൽ കുപ്രസിദ്ധ ഗൂണ്ടകളുടെ ഒത്തുചേരൽ. ഡിസിസി അംഗം ചേന്തി അനിലിന്റെ വീട്ടിലെ ഒത്തുചേരലിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. ഈ വീടിന്റെ മുൻപിൽ വച്ചാണ് ദിവസങ്ങൾക്കു മുൻപ് ഗൂണ്ടകൾ തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾക്ക് വെട്ടേൽക്കുകയും ചെയ്തത്.

അതേ സമയം, അമ്മയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാനാണ് ഓം പ്രകാശ് എത്തിയതെന്ന് ചേന്തി അനിൽ പറഞ്ഞു. ഈ മാസം രണ്ടാം തീയതിയാണ് ചേന്തി അനിലിന്റെ വീടിനു മുന്നിൽവച്ച് ഗൂണ്ടകളായ ശരത് ലാലും ദീപുവും തർക്കമുണ്ടാവുകയും, ദീപു ശരത്ലാലിനെ വെട്ടുകയും ചെയ്തത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. വെട്ടേറ്റ ശരത് ലാൽ ഓടിക്കയറിയത് ചേന്തി അനിലിന്റെ വീട്ടിലേക്കായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ചു ശ്രീകാര്യം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൂണ്ടകളുടെ ഒത്തുചേരലിനെക്കുറിച്ചു വിവരം ലഭിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 31, സെപ്റ്റംറ്റംബർ 1 തീയതികളിൽ കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് തുടങ്ങി പത്തോളം ഗൂണ്ടകൾ ചേന്തി അനിലിന്റെ വീട്ടിൽ ഒത്തു ചേർന്നിരുന്നു. ഒത്തുചേരലിന്റെ ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയ ഗൂണ്ടാ സംഘം ഓപ്പറേഷനു ആലോചിച്ചിരുന്നുവെന്നു സ്‌പെഷ്യൽ ബ്രാഞ്ചിനു നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യം
ഡിസിസി അംഗം ചേന്തി അനിൽ നിഷേധിച്ചു. അമ്മയുടെ ചരമവാർഷികമാണ് വീട്ടിൽ നടന്നതെന്നും, എസ്എൻഡിപി ഭാരവാഹിയായിരുന്ന സമയത്തെ പരിചയം വച്ചാണ് ഓം പ്രകാശിനെ ക്ഷണിച്ചതെന്നും ചേന്തി അനിൽ പറഞ്ഞു. ഗൂണ്ടാ ഒത്തുചേരലിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തു വന്നതിനു പിന്നാലെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights goons gathering, thiruvananthapurum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top