‘ഞാൻ ലഹരിക്കടിമയായിരുന്നു’; പഴയ തുറന്നു പറച്ചിൽ വിഡിയോയിൽ കങ്കണക്കെതിരെ അന്വേഷണം

താൻ ലഹരിക്കടിമയായിരുന്നു എന്ന പഴയ തുറന്നു പറച്ചിൽ വിഡിയോയുടെ അടിസ്ഥാനത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ കേസെടുക്കാൻ പൊലീസ്. താരത്തിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മിഡ്-ഡേ റിപ്പോർട്ട് ചെയ്യുന്നു.
Read Also : കങ്കണ ഇന്ന് മഹാരാഷ്ട്ര ഗവർണറെ സന്ദർശിക്കും
തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാർച്ച് മാസത്തിലാണ് കങ്കണ വിഡിയോ പങ്കുവച്ചത്. ‘കുറച്ച് വർഷത്തിനുള്ളിൽ ഞാൻ ഒരു സിനിമാതാരമായി. ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാൻ തെറ്റായ ആളുകളുടെ കൈകളിൽ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് എൻ്റെ കൗമാര കാലത്തിലായിരുന്നു.’– ഇങ്ങനെയായിരുന്നു വിഡിയോയിൽ കങ്കണയുടെ പരാമർശം.
സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിനു ശേഷം ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി കങ്കണ രൂക്ഷവിമർശനങ്ങൾ നടത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്ന അഭിനേതാക്കളുടെ വിവരങ്ങൾ അന്വേഷണ ഏജൻസിയുമായി പങ്കുവെയ്ക്കാമെന്നും ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് താൻ തയ്യാറാണെന്നും കങ്കണ പറഞ്ഞിരുന്നു.
Read Also : ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമർശങ്ങൾ; കങ്കണ റണൗട്ടിനെതിരെ പരാതി
കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ രൂഖമാവുകയാണ്. ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ പശ്ചാത്തലത്തിൽ കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാൻ കോർപ്പറേഷൻ അധികൃതർ ഉത്തരവിട്ടിരുന്നു. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോർപ്പറേഷന്റെ വാദം. ഇതിനെതിരെ കങ്കണ നൽകിയ ഹർജിയിൽ കെട്ടിടം പൊളിക്കലിന് ഹൈക്കോടതി താത്കാലിക സ്‌റ്റേ പുറപ്പെടുവിച്ചു.
Story Highlights – Kangana Ranaut’s Connection With Drugs Mumbai Crime Branch Begins Probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here