കോന്നി ഗവ. മെഡിക്കല്‍ കോളജ് നാളെ നാടിന് സമര്‍പ്പിക്കും

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഒപി വിഭാഗം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, അക്കാദമിക് ബ്ലോക്ക് എന്നിങ്ങനെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചു.

18 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് വരെ എത്താന്‍ റോഡും 14 കോടി രൂപ ചെലവില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. തസ്തികകളില്‍ ഡോക്ടര്‍മാരെയും, മറ്റു ജീവനക്കാരെയും നിയമിച്ചു. എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒപിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി ഫാര്‍മസിയും സജ്ജീകരിച്ചു. ഇതിനായി 75 ലക്ഷം രൂപയുടെ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കും. ഇതിനായി 338.5 കോടിയുടെ പദ്ധതി നിര്‍ദേശം കിഫ്ബിയുടെ പരിഗണനയിലാണ്.

Story Highlights konni govt the medical college inauguration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top