മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലായിരുന്നെങ്കിൽ മുഴുവൻ മത്സരങ്ങളും കളിച്ചേനെ: മുഹമ്മദ് നബിയെപ്പറ്റി ഗൗതം ഗംഭീർ

ടി-20 ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ക്രിക്കറ്ററാണ് അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബിയെന്ന് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. മികച്ച വിദേശ താരങ്ങൾ ഉൾപ്പെട്ട സൺറൈസേഴ്സ് അല്ലാതെ മറ്റേതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയിൽ ആയിരുന്നുവെങ്കിൽ നബി മുഴുവൻ മത്സരങ്ങളും കളിച്ചേനെയെന്നും ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിൻ്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിലാണ് ഗംഭീർ തൻ്റെ അഭിപ്രായം അറിയിച്ചത്.
Read Also : ആർസിബി പരിശീലകന്റെ യോർക്കർ ചലഞ്ച് ഏറ്റെടുത്ത് ബൗളർമാർ; ആർത്തുല്ലസിച്ച് വിരാട് കോലി: വിഡിയോ
“ടി-20 ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ക്രിക്കറ്ററാണ് നബി എന്ന് എനിക്ക് തോന്നുന്നു. കീറോൺ പൊള്ളാർഡ്, എബി ഡിവില്ലിയേഴ്‌സ്, റാഷിദ് ഖാൻ, ഡേവിഡ് വാർണർ എന്നിവരെ കുറിച്ചെല്ലാം നിങ്ങൾ സംസാരിക്കും. എന്നാൽ നിങ്ങൾ നബിയുടെ സംഭാവനകൾ നോക്കണം. മികച്ച ഫീൽഡറാണ് നബി. നാല് ഓവറും പന്തെറിയാൻ പ്രാപ്തൻ. ആദ്യ ആറ് ഓവറിലും പന്തെറിയും. ബാറ്റിങ്ങിൽ അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യിപ്പിക്കാം. കൂറ്റൻ ഷോട്ടുകൾ കളിക്കും. നിലവാരമുള്ള ഓൾറൗണ്ടറായി ആന്ദ്രേ റസലിനെ നമ്മൾ പരിഗണിക്കാറുണ്ട്. റസലിനൊപ്പം നബി വരില്ലായിരിക്കും. എന്നാൽ ഏറെ പിന്നിലൊന്നുമല്ല. കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അഫ്ഗാനിസ്ഥാനിൽ നിന്നാണ് നബി വരുന്നത്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, റാഷിദ് ഖാൻ, കെയിൻ വില്യംസൺ എന്നിവർ കളിക്കുന്ന ഫ്രാഞ്ചൈസിയിലാണ് നബി കളിക്കുന്നത്. അതുകൊണ്ട് കൂടുതൽ അവസരങ്ങൾ ലഭിക്കില്ല. മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലാണ് നബി കളിച്ചിരുന്നത് എങ്കിൽ 14 മത്സരങ്ങളും അദ്ദേഹം കളിച്ചേനെ.”- ഗംഭീർ പറഞ്ഞു.
കരീബിയൻ പ്രീമിയർ ലീഗിൽ 156 റൺസും 12 വിക്കറ്റുമാണ് ഈ സീസണിൽ നബിയുടെ സമ്പാദ്യം. ഐസിസിയുടെ ടി-20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ഓൾറൗണ്ടർ കൂടിയാണ് താരം.
Story Highlights – Mohammad Nabi is the most underrated t-20 cricketer says Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here