രോഗം വ്യാപിക്കുന്നു; കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി

സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്ന് കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൊവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത സേവനതത്പരരാണ് ബ്രിഗേഡില്‍ അംഗങ്ങളായിരിക്കുന്നത്.

കൊവിഡ് ബ്രിഗേഡില്‍ ചേരാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തുവരണം. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇതുവരെ 13,577 പേരാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 2562 ഡോക്ടര്‍മാരും 833 ബിഎഎംഎസ്‌കാരും, 1080 ബിഡിഎസ്‌കാരും, 293 എംബിബിഎസ്‌കാരും, 2811 നഴ്‌സുമാരും, 747 ലാബ് ടെക്‌നീഷ്യന്‍മാരും, 565 ഫാര്‍മസിസ്റ്റും, 3827 നോണ്‍ ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ കുറവുള്ള ജില്ലകളിലാണ് കൊവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസര്‍കോട്ടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. ആറ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കൊവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid brigade kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top