Advertisement

രോഗികള്‍ കൂടുന്നു; കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയതായി മുഖ്യമന്ത്രി

September 14, 2020
Google News 1 minute Read
cfltc kerala

സംസ്ഥാനത്ത് രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫിനെയും ഉള്‍പ്പെടെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്ററില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

194 സിഎഫ്എല്‍ടിസികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ 26,425 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ പകുതിയോളം കിടക്ക ഇപ്പോള്‍ ഒഴിവുണ്ട്. ഒന്നാം ഘട്ടത്തില്‍ 133 സിഎഫ്എല്‍ടിസികളും 16,936 കിടക്കകളുമാണ് തയാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ 400 സിഎഫ്എല്‍ടിസികളും 31,359 കിടക്കകളും മൂന്നാംഘട്ടത്തില്‍ 664 സിഎഫ്എല്‍ടിസികളിലായി 46,155 കിടക്കകളുമാണ് ഉണ്ടാവുക. ആകെ 1391 സിഎഫ്എല്‍ടിസികളിലായി 1,21,055 കിടക്കകള്‍ സജ്ജമാവും.

കൊവിഡ് പോസിറ്റിവായ എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈന്‍ സെന്ററില്‍ ചികിത്സിക്കുന്നത്. ഭക്ഷണവും താമസവും ചികിത്സയുമെല്ലാം ഇവിടെ സൗജന്യമാണ്. സിഎഫ്എല്‍ടിസി രോഗികള്‍ക്ക് ആവശ്യമായ കിടത്തി ചികിത്സ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊടുക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗകര്യം ടെലിമെഡിസിന്‍ മുഖാന്തരം ലഭ്യമാകുകയും ചെയ്യുന്നുണ്ട്.

സിഎഫ്എല്‍ടിസികളില്‍ ഉള്ള രോഗികള്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഓരോ സിഎഫ്എല്‍ടിസിയെയും ഒരു കൊവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ സിഎഫ്എല്‍ടിസിയിലെ ഡോക്ടര്‍ പരിശോധിക്കുകയും കൂടുതല്‍ ചികിത്സ ആവശ്യമാണെന്നു തോന്നിയാല്‍ കൊവിഡ് ആശുപത്രിയിലേക്ക് ഉടന്‍ റഫര്‍ ചെയ്യുകയും ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid Firstline Treatment Centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here