സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര സർക്കാരിന്‍റെ രേഖാമൂലമുള്ള മറുപടി ഇന്ന്

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന യുഡിഎഫ് എംപിമാരുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ പ്രസ്താവന നടത്തും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിൽ അഴിമതിയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും കെ സി വേണുഗോപാൽ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
Read Also : സ്വർണക്കടത്ത് പ്രതികളെ ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ റിപ്പോർട്ട് തേടി
കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ, സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകും. എൻഐഎ അന്വേഷണത്തിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനാപകടത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും ആരോപിച്ചു.
ഡൽഹി കലാപത്തിലെ കുറ്റപത്രത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി. സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയും അടിയന്തരപ്രമേയ നോട്ടിസ് നൽകി. അതേസമയം കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്ന നിയമനിർമാണം കൊണ്ടുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
Story Highlights – gold smuggling, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here