ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസ്; വിചാരണ ഇന്ന് ആരംഭിക്കും

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ മൂന്ന് ബിഷപ്പുമാർ, 23 പുരോഹിതർ, 11 കന്യാസ്ത്രീമാർ എന്നിവർ കേസിൽ സാക്ഷികളാണ്. ആദ്യ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയെയാണ് വിസ്തരിക്കുന്നത്. ബിഷപ്പിന്റെ സ്വകാര്യ ലാപ്പ്‌ടോപ്പും മൊബൈൽ ഫോണും കുറവിലങ്ങാട് മഠത്തിലെ രജിസ്റ്ററും കേസിലെ നിർണായക തെളിവുകളാണ്.
Read Also : ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നാളെ ആരംഭിക്കും
പല ഘട്ടത്തിൽ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്ന് നടന്നിരുന്നു. വിടുതൽ ഹർജിയുമായി സുപ്രിംകോടതി വരെ പോയെങ്കിലും ബിഷപ്പിന് തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇരയുടെ വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യ വിചാരണയാണ് കേസിൽ നടക്കുന്നത്.
2018 ജൂൺ 26നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. 2014 മുതൽ 2016 വരെ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. കേസിൽ ഫ്രാങ്കോ മുളയ്ക്കൽ 25 ദിവസത്തോളം ജയിലിൽ കിടന്നു. ഇതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അടക്കം നടന്നിരുന്നു. കേസിലെ സാക്ഷി മൊഴി പുറത്തുവന്നതിനെ തുടർന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിച്ചിരുന്നു.
Story Highlights – franco mulakkal, rape case trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here