അന്തരീക്ഷത്തിലെ അദൃശ്യനായ കാവൽക്കാരൻ; ഇന്ന് ഓസോൺ ദിനം

ഇന്ന് ഓസോൺ ദിനം. സൂര്യനിൽ നിന്ന് വരുന്ന ചില രശ്മികൾ ഭൂമിയിലെ ജീവന്റെ നിലനിൽപിന് തന്നെ ഭീഷണിയാണ്. ഭൗമാന്തരീക്ഷത്തിലെ ഈ രശ്മികളെ തടഞ്ഞു നിർത്തുന്ന കുടയാണ് ഓസോൺ പാളി. അന്തരീക്ഷത്തിലെ അദൃശ്യനായ കാവൽക്കാരൻ. ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് 1987 സെപ്റ്റംബർ 16നാണ് ഐക്യ രാഷ്ട്ര സഭ മോൺഷ്യുൽ പ്രോട്ടോക്കോൾ ഉടമ്പടി രൂപീകരിച്ചത്. അന്ന് 24 രാജ്യങ്ങളാണ് ഉടമ്പടിയുചെ ഭാഗമായതെങ്കിൽ ഇന്ന് 194 രാജ്യങ്ങളാണ് ഉടമ്പടിയുടെ ഭാഗമായുള്ളത്.
ഓസോണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ 1994 മുതലാണ് ഐക്യരാഷ്ട്രസഭ ഓസോൺ ദിനം ആചരിച്ച് തുടങ്ങിയത്.
1970കളിൽ വിവിധ ഗവേഷക സംഘങ്ങൾ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഓസോൺ പാളി നാശത്തിന്റെ പാതയിലാണെന്ന് കണ്ടെത്തിയത്. ഭൂപ്രതലത്തിൽ നിന്ന് 15 മുതൽ 60 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്ന ഈ മേഖലയിലാണ് ഓസോൺപാളിയുള്ളത്. ഇത് ഭൂമിയിലെ ജീവജാലങ്ങൾക്ക് ശരിക്കൊരു സംരക്ഷണ കുടയാണ്. ഭൂമിയിലേയ്ക്ക് പതിക്കാൻ കുതിക്കുന്ന അൾട്രാ വയലറ്റ് രശ്മികളെ തടഞ്ഞുനിർത്തുന്നത് മൂന്ന് മില്ലീമീറ്റർ കനം മാത്രമുള്ള ഈ വാതകപാളിയാണ്. ഓസോണിന്റെ നാശം മാനവരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കും. റഫ്രിജറേറ്റർ അടക്കമുള്ള പല ഉപകരണങ്ങളിലും ഉപയോഗിച്ചിരുന്ന ക്ലോറോഫ്ളൂറോ കാർബണുകളാണ് പ്രധാനമായും ഓസോൺ പാളിയുടെ തകർച്ചയ്ക്ക് കാരണമാകുന്നത്.
ഇതിന് പുറമെ മനുഷ്യനിർമിതമായ രാസവസ്തുക്കളും മറ്റ് പ്രകൃതിക്ക് ദോഷകരമായ അവസ്ഥകളുമെല്ലാം ഓസോൺപാളിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിച്ച് ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി ലോകത്തെ ബോധ്യപ്പെടുത്തിയാണ് ഈ ഓസോൺ ദിനവും കടന്നുപോകുന്നത്. പുതിയ പാരിസ്ഥിതിക വെല്ലുവിളികളുടെ ഈ ഘട്ടത്തിൽ ഓസോണിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടിയേ മതിയാകൂ.
Story Highlights – invisible guardian of the atmosphere; Today is Ozone Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here