ഷമിക്ക് മൂന്നു വിക്കറ്റ്; അരങ്ങേറ്റത്തിൽ തിളങ്ങി ബിഷ്ണോയ്; അവസാനം സ്റ്റോയിനിസ് വെടിക്കെട്ട്: ഡൽഹിക്കെതിരെ പഞ്ചാബിന് 158 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 158 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 8വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. 21 പന്തുകളിൽ 53 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യർ (39), ഋഷഭ് പന്ത് (31) എന്നിവരും ഡൽഹിക്കായി തിളങ്ങി. മുഹമ്മദ് ഷമി പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ശിഖർ ധവാൻ (0) റണ്ണൗട്ടായി. ഷെൽഡൻ കോട്രലും മുഹമ്മദ് ഷമിയും ചേർന്ന ഓപ്പണിംഗ് ബൗളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞു. പൃഥ്വി ഷായ്ക്കും മൂന്നാം നമ്പറിൽ ഇറങ്ങിയ ഷിംറോൺ ഹെട്മയർക്കും ഫ്രീ ആയി സ്കോർ ചെയ്യാനുള്ള അവസരം ഇരുവരും നൽകിയതേയില്ല. നാലാം ഓവറിൽ ഷമി ഇരുവരെയും പുറത്താക്കി. ഷായെ (5) ക്രിസ് ജോർഡൻ പിടികൂടിയപ്പോൾ ഹെട്മെയർ (7) മായങ്ക് അഗർവാളിൻ്റെ കൈകളിൽ അവസാനിച്ചു.
Read Also : ഡൽഹി ടീമിൽ ലമിച്ഛാനെ ഇല്ല; പ്രതിഷേധവുമായി നേപ്പാൾ ആരാധകർ
നാലാം വിക്കറ്റിൽ ഋഷഭ് പന്ത്-ശ്രേയാസ് അയ്യർ സഖ്യം നടത്തിയ പോരാട്ടമാണ് ഡൽഹിയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 73 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഐപിഎൽ അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യൻ അണ്ടർ-19 ലോകകപ്പ് ടീം അംഗം രവി ബിഷ്ണോയ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 റൺസെടുത്ത പന്ത് പ്ലെയ്ഡ് ഓണായി മടങ്ങി. അടുത്ത ഓവറിൽ ശ്രേയാസ് അയ്യരും മടങ്ങി. 32 പന്തുകളിൽ 39 റൺസെടുത്ത അയ്യരിനെ ഷമി ക്രിസ് ജോർഡൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
അക്സർ പട്ടേൽ (6) ഷെൽഡൻ കോട്രലിൻ്റെ ആദ്യ ഐപിഎൽ ഇരയായി മടങ്ങി. ഏഴാം വിക്കറ്റിൽ മാർക്കസ് സ്റ്റോയിനിസ്-ആർ അശ്വിൻ സഖ്യം 31 റൺസ് കൂട്ടിച്ചേർത്തു. 4 റൺസെടുത്ത അശ്വിനെ ഷമിയുടെ കൈകളിലെത്തിച്ച കോട്രൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
Read Also : ഐപിഎൽ മാച്ച് 2: ഡൽഹിക്ക് ബാറ്റിംഗ്; കിംഗ്സ് ഇലവനിൽ ഗെയിൽ ഇല്ല
130ൽ താഴെ ഡൽഹി ഒതുങ്ങുമെന്ന് കരുതിയിരിക്കെ അവസാന ഘട്ടങ്ങളിൽ തകർത്തടിച്ച മാർക്കസ് സ്റ്റോയിനിസ് ആണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്. 20 പന്തുകളിൽ ഫിഫ്റ്റിയടിച്ച താരം 19ആം ഓവറിൽ 13 റൺസും അവസാന ഓവറിൽ 25 റൺസും നേടി. ഇന്നിംഗ്സിലെ അവസാന പന്ത് നോ ബോൾ ആയിരുന്നു എങ്കിലും താരം റണ്ണൗട്ടായി. വെറും 21 പന്തുകൾ മാത്രം നേരിട്ട് ഏഴ് ബൗണ്ടറിയും 3 സിക്സറും സഹിതം 53 റൺസെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. ക്രിസ് ജോർഡൻ എറിഞ്ഞ അവസാന ഓവറിൽ 30 റൺസാണ് ഡൽഹി അടിച്ചുകൂട്ടിയത്.
നാലോവറിൽ വെറും 15 റൺസ് വഴങ്ങി ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കോട്രൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights – Kings eleven punjab vs delhi capitals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here