സർക്കാർ പരിപാടിയിൽ നിന്ന് സിപിഐയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മ : കാനം രാജേന്ദ്രൻ

kanam rajendran against govt 1

സർക്കാർ പരിപാടികളിൽ നിന്ന് പാർട്ടി പ്രതിനിധികളെ പതിവായി ഒഴിവാക്കുന്നതായി സിപിഐ. ശ്രീനാരായണ ഗുരുവിൻറെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും പതിവ് ശീലം ആവർത്തിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രതികരിച്ചു. അതേസമയം, പരിപാടിയിലേക്ക് സിപിഐ പ്രതിനിധികളെ ക്ഷണിച്ചിരുന്നതായും പിണങ്ങി മാറിനിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഔചിത്യമില്ലായ്മയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു

സർക്കാർ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങാണ് സിപിഐയുടെ പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെപ്യൂട്ടി സ്പീക്കർ വി ശശി, മുൻമന്ത്രിയും എംഎൽഎയുമായ സി ദിവാകരൻ എന്നിവരെ ചടങ്ങിൽ നിന്ന് ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ആദ്യം പുറത്തിറക്കിയ പരിപാടിയുടെ പ്രചരണ നോട്ടിസിൽ സിപിഐ പ്രതിനിധികൾ ആരുമുണ്ടായിരുന്നില്ല. എന്നാൽ, സിപിഐയുടെ പ്രതിഷേധത്തെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ പേരുൾപ്പെടുത്തി മറ്റൊരു നോട്ടിസിറക്കിയിരുന്നു. ഇതിൽ, ആശംസാ പ്രാസംഗികനായാണ് ശശിയെ ഉൾപ്പെടുത്തിയത്. കാഴ്ചക്കാരും കേൾവിക്കാരും മാത്രമായി ഇരിക്കാൻ തങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. പാർട്ടിയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മയെന്നായിരുന്നു കാനം രാജേന്ദ്രൻറെ പ്രതികരണം.

എന്നാൽ, പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും പരിപാടിയിൽ നിന്ന് പിണങ്ങി മാറിനിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു

അതിനിടെ, സംസ്ഥാനത്ത് ആദ്യമായി സർക്കാർ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിൻറെ പൂർണകായ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. നമുക്ക് ജാതിയില്ലാ വിളംബരത്തിൻറെ ശതാബ്ദി സ്മൃതിയായാണ് പ്രതിമ സ്ഥാപിച്ചത്. ഗുരുസന്ദേശങ്ങളെ വൈകൃതമാക്കാനുളള നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. തലസ്ഥാനത്ത് ചട്ടമ്പി സ്വാമികൾക്ക് ഉചിതമായ സ്മാരകം സർക്കാർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights kanam rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top