രണ്ടാമൂഴത്തിന്റെ തിരക്കഥ ഇംഗ്ലിഷിലും മലയാളത്തിലുമുണ്ട്, ഏത് ഭാഷയിൽ ചെയ്യണമെന്ന് തീരുമാനമായിട്ടില്ല : എം.ടി വാസുദേവൻ നായർ

രണ്ടാമൂഴം കേസ് തീർപ്പായതിൽ സന്തേഷം പങ്കുവച്ച് എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ. ട്വന്റിഫോർ മലബാർ റീജ്യണൽ ബ്യൂറോ ചീഫ് ദീപക് ധർമടത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ക്രിപ്റ്റ് തിരിച്ചു കിട്ടണം എന്നതായിരുന്നു തന്റെ ആവശ്യം. കോഴിക്കോട് കോടതിയിൽ നിന്ന് സ്‌ക്രിപ്റ്റ് ലഭിക്കുകയും, ശ്രീകുമാർ മേനോൻ നൽകിയ അഡ്വാൻസ് തിരിച്ചു നൽകുകയും ചെയ്യുന്നതോടെ കേസ് തീരുമെന്ന് എംടി പറഞ്ഞു. നിലവിൽ വലിയ തിയേറ്ററുകളിൽ റിലീസ് സാധിക്കില്ല. സ്‌ക്രിപ്റ്റ് കയ്യിൽ ലഭിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഒരു സിനിമ സംവിധാനം ചെയ്യാൻ തനിക്ക് സാധിക്കില്ലെന്നും ഇതിനായി പറ്റിയ ആളുകളെ കണ്ടെത്തണമെന്നും എം.ടി പറഞ്ഞു.
മറ്റ് ഭാഷകളിൽ നിന്നുള്ള താരങ്ങൾ ചിത്രത്തിലെത്തുമോ എന്ന ചോദ്യത്തിന് എം.ടി നൽകിയ മറുപടി ഇങ്ങനെ -‘ എന്റെ കയ്യിൽ ഇംഗ്ലിഷ് തിരക്കഥയും, മലയാളത്തിലുള്ള തിരക്കഥയുമുണ്ട്. ഏത് ഭാഷയിലെടുക്കണമെന്നോ ഒന്നും തീരുമാനിച്ചിട്ടില്ല. സിനിമ വൈകിയതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കുമെന്ന ധാരണ സുപ്രിംകോടതി ഇന്നാണ് അംഗീകരിച്ചത്. ശ്രീകുമാർ മേനോൻ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എം.ടിയും മടക്കി നൽകുമെന്നുമാണ് ധാരണ.
Story Highlights – mt vasudevan nair, randamoozham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here