ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക വർധിപ്പിച്ച് ഉത്തരവ്

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അനുവദിക്കുന്ന തുക വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വർധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാൻസ്മാൻ) വളരെ സങ്കീർണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവായതിനാൽ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് ഭീമമായ തുക ആവശ്യമായി വരുന്നതിന്നാൽ ട്രാൻസ്‌ജെൻഡർ ശസ്ത്രക്രിയ പൂർണതയിൽ എത്തിയ്ക്കുന്നതിന് പലപ്പോഴും സാധ്യമാകാതെ വരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്തുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കായി നൽകിവരുന്ന ധനസഹായം പരമാവധി 5 ലക്ഷം രൂപയായി വർധിപ്പിച്ചത്.

സ്ത്രീയിൽ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സമർപ്പിക്കപ്പെടുന്ന ബില്ലുകളുടെയും ടെക്‌നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽലായിരിക്കും ധനസഹായം അനുവദിക്കപ്പെടുക.

സമൂഹത്തിൽ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷൻ പ്ലാൻ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights Order increasing the amount for gender reassignment surgery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top