ആറാമത് ഇന്ത്യ- ചൈന കോർപ്പ്‌സ് കമാൻഡർ തല കൂടിക്കാഴ്ച ഇന്ന്

ആറാമത് ഇന്ത്യ- ചൈന കോർപ്പ്‌സ് കമാൻഡർ തല കൂടിക്കാഴ്ച ഇന്ന് നടക്കും. അതിർത്തിയിൽ സംഘർഷ സമാന സാഹചര്യം ആണ് നിലനിൽക്കുന്നതെന്ന് ഇരുരാജ്യങ്ങളും ഔദ്യോഗികമായി തന്നെ സമ്മതിച്ച പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് ചർച്ചയ്ക്കുള്ള ഇന്ത്യൻ സംഘത്തിൽ വിദേശകാര്യ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിലിന് മുൻപുള്ള വിധത്തിൽ സേനാപിന്മാറ്റം ചൈന നടത്തണം എന്ന തീരുമാനത്തിൽ ഊന്നിയാകും ഇന്ത്യ ചർച്ചയിൽ സ്വീകരിയ്ക്കുന്ന നിലപാട്.
ലഡാക്ക് അതിർത്തിയിൽ സംഘർഷം സമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആണ് കോർപ്പ്‌സ് കമാൻഡർ തല ചർച്ചയ്ക്ക് ഇന്ത്യയും ചൈനയും സന്നമാകുന്നത്. ലഡാക്കിലെ ചുഷൂലിലാണ് ഇരു സൈന്യത്തിന്റെയും കോർപ്പ്‌സ് കമാൻഡർ കൂടിക്കാഴ്ച നടത്തുക. ആറാം തവണ നടക്കുന്ന ചർച്ചയിൽ ചൈനയുടെ പ്രകോപനം അംഗീകരിയ്ക്കില്ലെന്ന നിലപടിൽ തന്നെ ആകും ഇന്ത്യ നിലയുറപ്പിയ്ക്കുക.
ഇത്തവണ വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയേയും ഇന്ത്യ ചർച്ചയ്ക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് കോർപ്പ്‌സ് കമാൻഡർ തല ചർച്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്നത്. സൈനികേതര വിഷയങ്ങൾ ഉന്നയിക്കുന്ന പതിവ് ചൈനീസ് സംഘം കമാൻഡർ തല ചർച്ചകളിൽ സ്വീകരിക്കാറുണ്ട്. ഇതിനുള്ള മറുപടിയാകും വിദേശകാര്യമന്ത്രാലയ പ്രതിനിധി നൽകുക. 2020 ഏപ്രിലിന് മുൻപുള്ള സാഹചര്യം പുനസ്ഥാപിയ്ക്കാൻ ചൈന തയാറാകണം എന്നതാണ് ഇന്ത്യയുടെ നിർദേശം. നിയന്ത്രണ രേഖയുടെ നിലവിലുള്ള സ്ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്നും ചൈന പിന്മാറണം.
ഇന്നത്തെ കോർ കമാൻഡർ തല ചർച്ചയിൽ ചില വിട്ടുവീഴ്ചകൾ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വാണിജ്യ വ്യാപാര മേഖലയിലെ ചർച്ചകൾ പുനരാരംഭിയ്ക്കാൻ ചൈന കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യത്തിൽ ഒരു നിലപാട് മാറ്റവും ഇതുവരെ ഇന്ത്യ വരുത്തിയിട്ടില്ല. സൈനിക തല ചർച്ചയുടെ ഫലത്തെ ആശ്രയിച്ച് ഉഭയകക്ഷി തല ചർച്ചകൾ കൂടുതൽ വേഗത്തിലാക്കണം എന്ന നിർദേശത്തിൽ ഇന്ത്യ തീരുമാനം കൈകൊള്ളും.
Story Highlights – Sixth India-China Corps Commander Head Meeting Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here