ഐപിഎൽ മാച്ച് 3: ഇന്ന് കോലിയും വാർണറും നേർക്കുനേർ; വില്ല്യംസണും പാർത്ഥിവും പുറത്തിരുന്നേക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ കിംഗ്സ് ഇലവനും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടിയ ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ഫൈനൽ ഇലവനിൽ നിന്ന് ചില ശ്രദ്ധേയ താരങ്ങൾ പുറത്തായേക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത.
Read Also : അഗർവാളിന്റെ ഒറ്റയാൾ പോരാട്ടം; സൂപ്പർ ഓവർ; ഒടുവിൽ ഡൽഹിക്ക് ജയം
വളരെ മികച്ച വിദേശതാരങ്ങൾ കുത്തിനിറക്കപ്പെട്ട ടീമാണ് സൺറൈസേഴ്സ്. ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മിച്ചൽ മാർഷ്, കെയിൻ വില്ല്യംസൺ, ബില്ലി സ്റ്റാൻലേക്ക്, ഫേബിയൻ അലൻ എന്നിവരാണ് സൺറൈസേഴ്സിലെ വിദേശികൾ. ഇവരിൽ ഏതാണ്ട് എല്ലാവരും തന്നെ ഫൈനൽ ഇലവൻ കളിക്കാൻ യോഗ്യരുമാണ്. എന്നാൽ, നാലു പേർക്ക് മാത്രമേ ടീമിൽ ഉൾപ്പെടാൻ സാധിക്കൂ എന്നതുകൊണ്ട് തന്നെ ഇവരിലാരെയൊക്കെ ഉൾപ്പെടുത്തും എന്നത് കാഠിന്യമാവും. ക്യാപ്റ്റൻ എന്ന നിലയിൽ വാർണറും സ്പിൻ മാന്ത്രികനെന്ന നിലയിൽ റാഷിദും ഫൈനൽ ഇലവനിൽ ഉറപ്പാണ്. വിക്കറ്റ് കീപ്പർ/ഓപ്പണർ എന്ന നിലയിൽ ബെയർസ്റ്റോ ടീമിലുണ്ടാവുമെങ്കിൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വില്ല്യംസൺ പുറത്തിരിക്കും. വില്ല്യംസൺ ടീമിലെത്തിയാൽ കീപ്പറായി വൃദ്ധിമാൻ സാഹയെ ഉൾപ്പെടുത്തേണ്ടി വരും. അതുകൊണ്ട് തന്നെ വിസ്ഫോടനാത്മക തുടക്കം നൽകാൻ കെല്പുള്ള ബെയർസ്റ്റോ തന്നെ വില്ല്യംസണെ മറികടന്ന് കളിച്ചേക്കും. മിച്ചൽ മാർഷ്/മുഹമ്മദ് നബി എന്നിവർക്കിടയിൽ മാർഷിനു ലഭിച്ചേക്കാവുന്ന ഒരേയൊരു പ്ലസ് പോയിൻ്റ് ദുബായിലെ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ച് മാത്രമാണ്. ഏറെക്കുറെ നബി തന്നെ ടീമിലെത്തിയേക്കും. ലോവർ ഓർഡറിൽ കളി ഫിനിഷ് ചെയ്യാൻ കഴിയുന്ന കശ്മീരി പയ്യൻ അബ്ദുൽ സമദ് അരങ്ങേറാൻ സാധ്യതയുണ്ട്. ഓൾറൗണ്ടർ ആണെന്നതും സമദിനു ഗുണമാണ്. അങ്ങനെയെങ്കിൽ ആവശ്യത്തിനു ബൗളിംഗ് ഓപ്ഷൻ ആവുകയും ശങ്കറിനെ മാറ്റി വൃദ്ധിമാൻ സാഹയെ കൊണ്ടുവരികയും ചെയ്താൽ ബെയർസ്റ്റോയ്ക്ക് പകരം വില്ല്യംസൺ ടീമിലെത്താം. ശങ്കറിനു പകരം വിരാട് സിംഗ് എത്താനും സാധ്യതയുണ്ട്. പ്രിയം ഗാർഗ് എന്നൊരു പേരും ആ പൊസിഷനിലുണ്ട്. ഫിംഗേഴ്സ് ക്രോസ്ഡ്! ഭുവി, ഖലീൽ, കൗൾ, സന്ദീപ് എന്നിവരിൽ മൂന്നു പേർ പേസ് ഡിപ്പാർട്ട്മെൻ്റ് കളിക്കും. മിക്കവാറും കൗൾ പുറത്തിരിക്കും.
ആരോൺ ഫിഞ്ച്, എബി ഡിവില്ല്യേഴ്സ്, ക്രിസ് മോറിസ്, ഡെയിൽ സ്റ്റെയിൻ, ഇസുരു ഉഡാന, മൊയീൻ അലി, ആദം സാംപ, ജോഷ് ഫിലിപ്പെ എന്നിവരാണ് ബാംഗ്ലൂരിൻ്റെ വിദേശികൾ. ഡിവില്ല്യേഴ്സ് ഉറപ്പാണ്. കഴിഞ്ഞ കാല പ്രകടനങ്ങളും പേസ് ബൗളിംഗ് ഓൾറൗണ്ടർ എന്ന ലേബലും ക്രിസ് മോറിസിനെയും വൺ ഓഫ് ദ ബെസ്റ്റ് എന്ന വിശേഷണം സ്റ്റെയിനെയും ഫൈനൽ ഇലവനിലെത്തിക്കും. ദേവദത്തിനൊപ്പം ഫിഞ്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് കോലി മൂന്നാം നമ്പറിൽ ഇറങ്ങുന്നതാണ് ടീമിനു ബാലൻസ് നൽകുക. മൊയീൻ അലി, സാംപ എന്നിവർ പിച്ച് പരിഗണിച്ച് മാത്രമേ കളിക്കാനിടയുള്ളൂ. പാർത്ഥിവ് പട്ടേൽ തൻ്റെ സ്ഥാനം മലയാളിയായ കർണാടക ഓപ്പണർ ദേവദത്ത് പടിക്കലിന് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. ഡിവില്ല്യേഴ്സ് വിക്കറ്റ് സംരക്ഷിക്കും.
Story Highlights – Sunrisers Hyderabad vs Royal Challengers Bangalore IPL match 3 preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here