ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും കാസര്‍ഗോഡ് കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയില്ല

ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയില്ല. ജീവനക്കാരുടെ നിയമനം സംബന്ധിച്ച് തീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ വീണ്ടും ജനറല്‍ ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റേണ്ട സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്.
അഞ്ച് മാസം മുന്‍പ് ടാറ്റാ അധികൃതര്‍ തെക്കില്‍ വില്ലേജില്‍ കൊവിഡ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങുമ്പോള്‍ കാസര്‍ഗോഡിന്റെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്ന ലക്ഷ്യത്തിലാണ് കൊവിഡ് ആശുപത്രിയുടെ നിര്‍മാണം ടാറ്റ ആരംഭിച്ചത്. ആശുപത്രി പ്രഖ്യാപനം നടത്തുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും ഇതു തന്നെയായിരുന്നു വ്യക്തമാക്കിയത്. പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റ അധികൃതര്‍ മടങ്ങിയെങ്ങിലും ആശുപത്രി പ്രവര്‍ത്തനം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
550 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ എന്തൊക്കെ സജ്ജീകരിക്കണമെന്നും എത്ര തസ്തികകള്‍ സൃഷ്ടിക്കണമെന്നും നിര്‍മാണഘട്ടത്തില്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചില്ല. നേരത്തെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നെങ്കില്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന ഈ ഘട്ടത്തില്‍ കൊവിഡ് ആശുപത്രി ജില്ലയ്ക്ക് കരുത്താകുമായിരുന്നു.
ഏറ്റവുമൊടുവിലായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 200 തസ്തികയാണ് ജില്ലാ ആരോഗ്യ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രീ ഫാബ് മാതൃകയില്‍ പരന്നു കിടക്കുന്ന ആശുപത്രിയില്‍ ഇത് അപര്യാപ്തമാണെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Story Highlights – Kasargod covid Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here