കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റേത് തെറ്റായ പ്രവണത: മുഖ്യമന്ത്രി

കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു സംഭവം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയതിന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിനെതിരെ പോത്തന്‍കോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 419-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 ലെ 4(2)(ബി), 4(2)(എ), 5 എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് പോത്തന്‍കോട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുനടത്തുന്ന സമരങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ്. അത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപത്തിന് വിധേയനായിരിക്കുന്നത്. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്.
കൊവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ ചുമതലയുണ്ട്. രാഷ്ട്രീയമായി ഭിന്നതയും താത്പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയില്‍ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം മനസിലാക്കണം എന്നു മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – ksu state president abhijith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here