സെഞ്ചൂറിയൻ രാഹുൽ; കിംഗ്സ് ഇലവനെതിരെ റോയൽ ചലഞ്ചേഴ്സിന് 207 റൺസ് വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 207 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് സ്കോർ ചെയ്തത്. സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ലോകേഷ് രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി ശിവം ദുബേ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 3: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാറ്റ് ചെയ്യും
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ലോകേഷ് രാഹുലും മായങ്ക് അഗർവാളും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 57 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. തൻ്റെ ആദ്യ ഓവറിൽ തന്നെ അഗർവാളിനെ ക്ലീൻ ബൗൾഡാക്കിയ ചഹാൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 പന്തിൽ 26 റൺസെടുത്താണ് അഗർവാൾ മടങ്ങിയത്.
മൂന്നാം നമ്പരിലെത്തിയ നിക്കോളാസ് പൂരാൻ രാഹുലുമായി ചേർന്ന് വീണ്ടും 57 റൺസ് കൂട്ടിച്ചേർത്തു. തൻ്റെ ആദ്യ ഓവറിൽ പൂരാനെ (17) ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ എത്തിച്ച ദുബേ ഈ കൂട്ടുകെട്ട് പൊളിച്ചു. മാക്സ്‌വെൽ (5) വേഗം മടങ്ങി. ദുബെയുടെ പന്തിൽ ഫിഞ്ച് പിടിച്ചാണ് താരം പുറത്തായത്. വ്യക്തിഗത സ്കോർ 83ൽ നിൽക്കെ സ്റ്റെയിൻ്റെ പന്തിൽ കോലി രാഹുലിനെ രണ്ട് വട്ടം നിലത്തിട്ടത് ബാംഗ്ലൂരിനു തിരിച്ചടിയായി.
Read Also : സച്ചിന്റെ റെക്കോർഡ് തകർത്തു; ലോകേഷ് രാഹുലിന് 2000 ഐപിഎൽ റൺസ്
നാലാം വിക്കറ്റിൽ ക്രീസിലെത്തിയ കരുൺ നായരും ആക്രമിച്ച് കളിച്ചു. ഇതിനിടെ 89ൽ നിൽക്കെ വീണ്ടും കോലി രാഹുലിൻ്റെ ക്യാച്ച് പാഴാക്കി. ഇത്തവണ സെയ്നിയായിരുന്നു ബൗളർ. 18ആം ഓവറിൽ, 62 പന്തുകളിൽ രാഹുൽ ശതകം തികച്ചു. സ്റ്റെയിൻ എറിഞ്ഞ ആ ഓവറിൽ 26 റൺസും ദുബേ എറിഞ്ഞ അവസാന ഓവറിൽ 23 റൺസും നേടിയ കിംഗ്സ് ഇലവൻ 3 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. അവസാനത്തെ 4 ഓവറിൽ 74 റൺസ് ആണ് കിംഗ്സ് ഇലവൻ അടിച്ചെടുത്തത്. രാഹുൽ 69 പന്തുകളിൽ നിന്ന് 14 ബൗണ്ടറിയും 7 സിക്സറും സഹിതം 132 റൺസെടുത്തും കരുൺ നായർ 8 പന്തുകളിൽ നിന്ന് 15 റൺസെടുത്തും പുറത്താവാതെ നിന്നു.
Story Highlights – Kings Eleven Punjab vs Royal Challengers Bangalore first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here