നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കൊവിഡ് പരത്തിയിട്ടില്ല; കേസുകൾ റദ്ദാക്കി ബോംബെ ഹൈക്കോടതി

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കൊവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. കൊവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 8 മ്യാന്മർ സ്വദേശികൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മ്യാൻമർ സ്വദേശികൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
മ്യാന്മർ സ്വദേശികൾക്കെതിരെ കുറ്റം ചുമത്തുന്നത് കോടതി പ്രവർത്തനങ്ങളുടെ ദുരുപയോഗമാവുമെന്ന് ജസ്റ്റിസുമാരായ വിഎം ദേശ്പാണ്ഡെയും അമിത് ബി ബോർകാറും അടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. ഇവർക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഇല്ല. പരാതിക്കാർ മാർച്ച് 24 മുതൽ 31വരെ എൻഎംസി നാഗ്പൂർ മൊഅ്മിൻപുര സോണൽ ഓഫീസർ ഡോ. ഖവാജിന്റെ മേൽനോട്ടത്തിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഇവരാണ് കോവിഡ് പരത്തിയത് എന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ, മ്യാന്മർ സ്വദേശികൾ അടുത്തുള്ള പള്ളിയിൽ ഖുറാൻ പാരായണം ചെയ്യുകയും പ്രാർത്ഥനകൾ നടത്തുകയുമായിരുന്നു എന്ന് കോടതി പറഞ്ഞു. ക്വാറൻ്റീൻ കാലാവധിക്കിടെ ഏപ്രിൽ 3ന് ഇവർ കൊവിഡ് നെഗറ്റീവായിരുന്നു. അതുകൊണ്ട് തന്നെ ഇവർ കൊവിഡ് പരത്തിയെന്നതിനു തെളിവില്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 269, 270 വകുപ്പുകൾ ഇവരിൽ ചുമത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 956 വിദേശപൗരന്മാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ലെന്ന് ജൂലായിൽ പൊലീസ് ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവർ മനപൂർവം കൊവിഡ് പരത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
Story Highlights – No proof to show foreigners attending Tablighi Jamaat spread covid says Bombay HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here