തിരുവല്ലത്ത് കുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടർന്ന്; കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ്

തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. കൊലപാതകം പിതാവ് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് പ്രതി ഉണ്ണികൃഷ്ണനും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് യുവതി ഗർഭിണിയാകുകയും പൊലീസ് ഇടപെടൽ ഉണ്ടാവുകയും ചെയ്തു. വിവാഹിതരായ ശേഷം കുടുംബ വഴക്ക് പതിവായിരുന്നു. ഉണ്ണികൃഷ്ണന് ഭാര്യയിൽ സംശയം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. വഴക്ക് സ്ഥിരമായതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചതെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Read Also :തിരുവല്ലത്ത് പെൺകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഉണ്ണികൃഷ്ണനെ ആറിന് സമീപത്ത് കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് അഗ്നിശമന സേന നടത്തിയ തെരച്ചിലിലാണ് ആറ്റിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights – Murder, Thiruvallam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here