പാലാരിവട്ടം പാലം നിർമാണത്തിൽ സർക്കാരിനുണ്ടായ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടി

പാലാരിവട്ടം പാലം നിർമാണത്തിൽ സർക്കാരിനുണ്ടായ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ നടപടി. കോടതി വഴി ഇതിനുള്ള നടപടികൾ തുടങ്ങും. കിറ്റ്‌കോയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. പലം നിർമാണത്തിന് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന്റെ സഹായവും ലഭ്യമാക്കുമെന്നും സർക്കാർ.
പാലാരിവട്ടം പാലം നിർമാണത്തിൽ സർക്കാരിനുണ്ടായ നഷ്ടം കരാറുകാരനായ ആർഡിഎസ് പ്രൊജക്ടിൽ നിന്ന് ഈടാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നെങ്കിലും കോടതി വിധിയെ തുടർന്ന് ഇതിൽ തടസം നേരിടുകയായിരുന്നു. ഇപ്പോൾ സുപ്രിംകോടതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതോടെ നടപടികൾ വേഗത്തിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 47.7 കോടി രൂപയ്ക്കാണ് പാലാരിവട്ടം മേൽപാലം നിർമിച്ചത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി ഊ തുകയിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാൽ, പാലം ഗതാഗത യോഗ്യമല്ലാതായതോടെ സർക്കാറിന് വലിയ തോതിലുളള സാമ്പത്തിക നഷ്ടമുണ്ടായി. ഈ സാമ്പത്തിക നഷ്ടം കരാറുകാരനിൽ നിന്ന് തിരിച്ചു പിടിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, പാലത്തിന്റെ പുനർനിർമാണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പാലത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്ത ഇ. ശ്രീധരനുമായി സർക്കാർ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
നിലവിലുള്ള പാലം രൂപ കൽപന ചെയ്തത് കിറ്റ്‌കോയാണ്. ഇതിലാണ് ഏറ്റവും കൂടുതൽ പാളിച്ചയുണ്ടായതെന്ന് വിജിലൻസും ഇ. ശ്രീധരനും ഐഐടിയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കിറ്റ്‌കോയെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ സർക്കാറിനെതിരെ ഏറ്റവും കൂടുതൽ വാദം ഉന്നയിച്ചത് കിറ്റ്‌കോയാണ്. അതുകൊണ്ട് തന്നെ കിറ്റ്‌കോയെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടെന്നും പൊതുമരാമത്ത് വകുപ്പിന്റെ കരാറുകൾ ഒന്നും കിറ്റ്‌കോയ്ക്ക് നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – Action to recover the loss incurred by the government in the construction of Palarivattom bridge from the contractors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here