പൊലീസുകാരെയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും വീട് കയറി ആക്രമിക്കും; ഭീഷണി പ്രസംഗവുമായി യുവമോർച്ച നേതാവ്

പൊലീസുകാരെയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും വീട് കയറി അക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച സംസ്ഥാന നേതാവ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഭീഷണി മുഴക്കിയത്. മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണ്, എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നത് തുടങ്ങി മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി.
യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അകാരണമായി പൊലീസ് കയറുന്നുവെന്നും അത് തുടർന്നാൽ തിരിച്ച് അതേ നാണയത്തിൽ പ്രതികരിക്കുമെന്നും ആയിരുന്നു ഇയാൾ പറഞ്ഞത്. മന്ത്രി കെ ടി ജലീൽ രാജി വയ്ക്കുക, ജില്ലയിലെ യുവമോർച്ച നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ആയിരുന്നു വിവാദ പ്രസംഗം.
കെ ടി ജലീലിനെ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നേതാവിന്റെ പ്രസംഗം. പൊലീസുകാർ അവരുടെ ജോലിയാണോ ചെയ്യുന്നത് അതോ കാക്കിയിട്ട കമ്മ്യൂണിസ്റ്റുകാരുടെ ജോലിയാണോ എന്ന് നേതാവ് ചോദിച്ചു. യുവമോർച്ചയുടെ നേതാക്കന്മാരെ മനഃപൂർവം ജയിലിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം.
Story Highlights – mercykutty amma, yuvamorcha, syamraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here