Advertisement

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍

September 28, 2020
Google News 1 minute Read

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനമായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

ഉന്നതതല യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

  • ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. കൂടുതല്‍ വകുപ്പ് സെക്രട്ടറിമാരെ സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമെങ്കില്‍ പ്രചരണാര്‍ത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതാണ്.
  • ശബരിമല തീര്‍ത്ഥാടനത്തിന് പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും ഈ വര്‍ഷത്തെ പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നല്‍കുന്നതാണ്.
  • കൊവിഡ് -19 രോഗ ബാധിതര്‍ തീര്‍ത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജന്‍ ടെസ്റ്റ് നടത്തും.
  • തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയില്‍ തീര്‍ത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീര്‍ത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
  • കുടിവെള്ള വിതരണത്തിന് പ്രത്യേക സംവിധാനമായിരിക്കും. 100 രൂപ പമ്പയില്‍ അടച്ച് സ്റ്റീല്‍ പാത്രത്തില്‍വെള്ളം വാങ്ങാം. മടങ്ങി വന്ന് പാത്രം ഏല്‍പ്പിക്കുമ്പോള്‍ തുക തിരികെ നല്‍കും.
  • തീര്‍ത്ഥാടകര്‍ക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവര്‍ക്ക് മാത്രം പേപ്പര്‍ പ്‌ളേറ്റില്‍ അന്നദാനം നല്‍കും.
  • സാനിറ്റേഷന്‍ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.
  • അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.
  • കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തില്‍ കൂടുതല്‍ എണ്ണം ബസുകള്‍ വിന്യസിക്കും.
  • ഭക്തര്‍ മല കയറുമ്പോള്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും.
  • നെയ്യഭിഷേകത്തിനുള്ള നെയ്യ് ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.
  • മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചുമാത്രം നടത്തുന്നതാണ്.
  • പമ്പ എരുമേലി എന്നിവിടങ്ങളില്‍ സ്‌നാനഘട്ടങ്ങളില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പ്രിംഗ്‌ളര്‍/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.

Story Highlights sabarimala pilgrimage covid protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here