Advertisement

ഫെഫ്കയ്ക്ക് തിരിച്ചടി; വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളി

September 28, 2020
Google News 1 minute Read

ചലച്ചിത്ര സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച ഫെഫ്കയും ഫെഫ്ക യൂണിയനുകൾക്കും തിരിച്ചടി. വിനയന്റെ വിലക്കിനെതിരെ നൽകിയ ഹർജി സുപ്രിംകോടതി തള്ളി. ട്രേഡ് യൂണിയനുകൾക്ക് പിഴ ചുമത്താൻ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന വാദം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് കോടതിയുടെ തീരുമാനം.

ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ഫെഫ്കയും, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ എന്നീ സംഘടനകളും നൽകിയ ഹർജിയാണ് തള്ളിയത്. നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ വിനയന്റെ വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ട്രേഡ് യൂണിയനുകൾക്ക് പിഴ ചുമത്താൻ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന വാദം ഇപ്പോൾ പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ അക്കാര്യം പരിശോധിയ്ക്കുന്നില്ല. സംവിധായകൻ തുളസീദാസിന്റെ ചിത്രത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. തർക്കം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും സംഘടനകൾ നിർബന്ധിച്ച് പിന്തിരിപ്പിച്ചെന്ന ആരോപണം ഉയർത്തി വിനയൻ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

സുപ്രിംകോടതി കൂടി ഹർജി തള്ളിയതോടെ കോമ്പറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യ, 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് സംഘടനകൾക്ക് അനുസരിക്കേണ്ടി വരും. താര സംഘടനയായ അമ്മയ്ക്ക് 4 ലക്ഷം രൂപയും ഡയറക്ടേഴ്സിന്റെ സംഘടനയായ ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. പിന്നീട് 2020 മാർച്ചിലാണ് ഈ പിഴ ശിക്ഷ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചത്. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം സുപ്രിംകോടതി തള്ളി.

Story Highlights Vinayan, Fefka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here