‘ഫെഫ്കയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കൂ’: ബി. ഉണ്ണികൃഷ്ണനോട് വിനയൻ

ഫെഫ്കയ്ക്ക് തിരിച്ചടി നൽകിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് സംവിധായകൻ വിനയൻ. ഫെഫ്കയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബി ഉണ്ണികൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. അധികാരവും സംഘടനാ നേതൃത്വവുമൊക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഉപയോഗിക്കരുതെന്നും വിനയൻ പറഞ്ഞു.

സുപ്രികോടതി വിധിക്ക് ശേഷമെങ്കിലും ഉണ്ണികൃഷ്ണനും ഫെഫ്കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കൽ നടപടി നിർത്തണം. സ്ഥിരം വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാൽ മനസിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങൾക്കോ സമൂഹത്തിനോ ലഭിക്കില്ലെന്നും വിനയൻ കുറിച്ചു.

ഫെഫ്കയുടെ നിലനിൽപ്പ് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല താൻ. കേരളത്തിൽ ആദ്യമായി സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ ഉണ്ടാക്കിയതിൽ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് താൻ. പക്ഷേ സിനിമാ തൊഴിലാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെടുത്ത് നിരന്തരമായി വിനയനെതിരെ അപ്പീലും, കേസും കൊടുത്ത് നിങ്ങൾ നേടിയെടുത്തത് ഇന്ന് സുപ്രിം കോടതിയിൽ നിന്ന് ലഭിച്ച തരത്തിലുള്ള തിരിച്ചടികൾ മാത്രമാണ്. നിഷ്‌കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്നും വിനയൻ വ്യക്തമാക്കി.

Read Also :ഫെഫ്കയ്ക്ക് തിരിച്ചടി; വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അങ്ങനെ സത്യം ജയിച്ചിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്ക് ഇനിയെങ്കിലും സത്ബുദ്ധി തോന്നട്ടെ എന്നു പ്രാർത്ഥിക്കുന്നു. ജസ്റ്റിസ് നരിമാൻ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയും വന്നിരിക്കുന്നു. ഇനിയെങ്കിലും ശ്രീ ബി. ഉണ്ണികൃഷ്ണനും ഫെഫ്കയിലെ ചില സംവിധായകരും നടത്തുന്ന പകപോക്കൽ നടപടി നിർത്തണം എന്നു ഞാൻ അഭ്യർത്ഥിക്കുകയാണ്. അല്ലാതെ സ്ഥിരം ഇങ്ങനെ വെറുപ്പിന്റെയും വിലക്കിന്റെയും വക്താക്കളായിപ്പോയാൽ നിങ്ങടെ മനസ്സിന്റെ നെഗറ്റിവിറ്റി കൂടുമെന്നല്ലാതെ യാതൊരു പ്രയോജനവും നിങ്ങൾക്കോ സമൂഹത്തിനോ ലഭിക്കില്ല. ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരിക്കുന്ന രണ്ടു ഡോക്ക്യുമെന്റുകളിൽ ഒന്ന് ഫെഫ്ക സുപ്രീം കോടതിയിൽ കൊടുത്ത അഫിഡവിറ്റിന്റെ അവസാന പേജാണ്. അതിൽ അഡ്വക്കേറ്റിന്റെ പേര് കാണിക്കരുത് എന്ന നിയമം പാലിച്ച് അതു കാണിച്ചിട്ടില്ല. ആ അഫിഡവിറ്റ് വായിച്ചാൽ ഈ വിധിയുടെ ഗൗരവം ആർക്കും മനസ്സിലാകും. കോമ്പറ്റീഷൻ കമ്മീഷന്റെ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ ഫെഫ്ക എന്ന സംഘടനയുടെ നിലനിൽപ്പു തന്നെ ഇല്ലാതാകും എന്ന് അതിൽ എഴുതിയിരിക്കുന്നു. ശ്രീ ബി. ഉണ്ണികൃഷ്ണനോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങടെ പ്രയർ അപ്പാടെ സുപ്രീം കോടതി തള്ളിയ സ്ഥിതിക്ക് ഇപ്പോൾ ഫെഫ്ക ഒന്നുമല്ലാതായില്ലെ? നിങ്ങൾ തന്നെ പറഞ്ഞതനുസരിച്ച് അതിന്റെ നിലനിൽപ്പ് പോലും പ്രശ്‌നത്തിലായില്ലേ? 12 വർഷമായി ഫെഫ്കയുടെ ജനറൽ സെക്രട്ടറി ആയിരുന്ന താങ്കൾ അല്ലേ ഇതിനുത്തരവാദി? ഞാനൊരിക്കലും ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ നിലനിൽപ്പ് ഇല്ലാതാക്കണം എന്നാഗ്രഹിക്കുന്ന ആളല്ല – കാരണം, കേരളത്തിൽ ആദ്യമായി സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ ഉണ്ടാക്കിയതിൽ ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ആ മാക്ടാ ഫെഡറേഷന്റെ രൂപാന്തരമാണല്ലോ ഫെഫ്ക. പക്ഷേ സിനിമാ തൊഴിലാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെടുത്ത് നിരന്തരമായി വിനയനെതിരെ അപ്പീലും, കേസും കൊടുത്ത് നിങ്ങൾ നേടിയെടുത്തത് ഇന്ന് സുപ്രീം കോടതിയിൽ നിന്നും ലഭിച്ച മാതിരി തിരിച്ചടികൾ മാത്രമാണ്. നിഷ്‌കളങ്കരായ ബഹുഭൂരിപക്ഷം ഫെഫ്ക അംഗങ്ങളെ പഴിച്ചിട്ടു കാര്യമില്ല. നിങ്ങൾ മാത്രമാണ് ഉത്തരവാദി.

പിന്നെ നിങ്ങൾ ഇന്നു പറഞ്ഞെന്നറിയുന്നു – ഇത് വിനയനെതിരെ ഉള്ള കേസല്ല കോമ്പറ്റീഷൻ കമ്മീഷനിൽ ട്രേഡ് യൂണിയനുള്ള ഇമ്മ്യൂണിറ്റിയെ പറ്റിയാണ് കേസ് കൊടുത്തതെന്ന്. അങ്ങനെ യാതൊരു ഇമ്മ്യൂണിറ്റിയുമില്ലെന്ന് രണ്ടു കോടതികളും, സുപ്രീം കോടതിയും വ്യക്തമായി പറഞ്ഞു കഴിഞ്ഞു. മാത്രമല്ല ഇതിനു മറുപടി ആയി സുപ്രീം കോടതി ജഡ്ജി ഇന്നു പറഞ്ഞതു കേട്ടില്ലേ – അത്തരം പ്രശ്‌നങ്ങൾക്കു വേണ്ടി തേർഡ് പാർട്ടിയായ വേറൊരാളെ എന്തിന് വിലക്കണം എന്ന് – അയാൾ സഫർ ചെയ്യേണ്ട കാര്യം ഉണ്ടോ എന്ന്. അപ്പോൾ കാര്യങ്ങൾ വ്യക്തമല്ലേ.. നിങ്ങൾ എന്നെ വിലക്കിയിട്ടില്ലെന്നും ഇന്ന് ചാനലുകളിൽ പറയുന്നത് കണ്ടു. കോമ്പറ്റീഷൻ കമ്മീഷന്റെ റിപ്പോർട്ടിലെ 199ആം പേജാണ് ഞാനിവിടെ കൊടുത്തിരിക്കുന്ന രണ്ടാമത്തെ ഡോക്ക്യുമെന്റ്. അതിൽ മലയാള സിനിമയിലെ ഏറ്റവും സീനിയർ ആയ നടൻ മധുസാറിന്റെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ സിനിമയിലഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ മധുസാറിന്റെ വീട്ടിൽ നിങ്ങളുടെ നേതൃത്വത്തിൽ ഒരു ഡസനോളം ആളുകൾ ചെന്നുവെന്നും, എന്റെ സിനിമയിൽ അഭിനയിക്കല്ലെന്ന് പറഞ്ഞുവെന്നും അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതിനെന്താണ് മറുപടിയായി ശ്രീ ബി. ഉണ്ണികൃഷ്ണന് പറയാനുള്ളത്? നിങ്ങൾ ചെന്നപ്പോളാണ് എനിക്കെതിരെ വിലക്കുണ്ടെന്നുള്ള കാര്യം മധുസാർ അറിഞ്ഞതെന്നും അതിൽ പറയുന്നു. വിനയനെ വിലക്കിയിട്ടില്ല എന്ന കള്ളത്തരം എന്തിനാണ് നിങ്ങൾ ഇങ്ങനെ പുലമ്പുന്നത്? കേരള ജനതയ്ക്കും, സിനിമാ തൊഴിലാളികൾക്കും, സിനിമാക്കാർക്കും അറിയാത്തതാണോ ഇക്കാര്യങ്ങളൊക്കെ? സത്യത്തിൽ നിങ്ങൾ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടും പിന്നീട് മധുസാർ അഭിനയിച്ചു. അത് ബി. ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയോടുള്ള വിശ്വാസ്യതക്കുറവും സംഘടനാ നേതൃത്വത്തോടുള്ള അവമതിപ്പുമാണ് കാണിക്കുന്നത്. അസത്യങ്ങൾ പറഞ്ഞ് നിങ്ങൾ ആ സംഘടനയെ തന്നെ സമൂഹത്തിൽ അപമാനിക്കുകയല്ലേ?

ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ മാനം കെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് ഞാൻ പറയുന്നു. അധികാരവും സംഘടനാ നേതൃത്വവും ഒക്കെ ഇഷ്ടമില്ലാത്തവരെ ഒതുക്കാനായി ഇനിയെങ്കിലും ഉപയോഗിക്കരുത് Mr. ഉണ്ണികൃഷ്ണൻ. നെഗറ്റിവ് മൈൻഡ് കളയൂ – Be postive സുഹൃത്തേ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top