ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി മരിച്ചു

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി മരിച്ചു. ഡൽഹി എയിംസിൽ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഡല്‍ഹി സഫദര്‍ജംഗ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. അതേസമയം കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 14ാം തിയതിയായിരുന്നു സംഭവം. പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാല് പേർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.
Read Also : ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
കൃഷിയിടത്തിൽ പുല്ലുപറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാർ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോൾ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നീട് ബോധരഹിതയായ മകളെ അമ്മ കണ്ടെത്തുകയായിരുന്നു.
ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഉന്നതജാതിക്കാരായ ചിലരാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. സന്ദീപ് എന്ന് പേരുള്ള ആൾക്ക് നേരെയാണ് കുടുംബം വിരൽ ചൂണ്ടുന്നത്. ഇയാൾ പരിസരത്ത് താമസിക്കുന്ന ദളിത് വിഭാഗക്കാരെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളാണെന്നും ആരോപണം. എന്നാൽ കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാൻ വൈകിയെന്നാണ് കുടുംബത്തിന്റെ പരാതി. ആരോപണം പൊലീസ് നിഷേധിച്ചു.
Story Highlights – utharpradesh rape case, victim died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here