ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതിക്ക് അനുമതി

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും മറ്റ് 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയുമാണ് ഭരണാനുമതി നല്‍കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ റോഡുകളാണ് ശബരിമല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുമ്പ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കും.
മണ്ണാറകുളഞ്ഞി – പമ്പാറോഡില്‍ ഈ വര്‍ഷമുണ്ടായ കാലവര്‍ഷക്കെടുതിയില്‍ പാറകളിലുണ്ടായ സ്ഥാനഭ്രംശം മൂലം വിള്ളല്‍ ഉണ്ടായ ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവിടെ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
9.25 കോടി രൂപ ചിലവില്‍ പ്ലാപ്പള്ളി – ഗവി റോഡ് നവീകരണവും നടന്നു വരുന്നു. മണ്ണാറക്കുളഞ്ഞി ഇലവുങ്കല്‍, മണ്ണാറക്കുളഞ്ഞി ചാലക്കയം എന്നീ ഭാഗങ്ങള്‍ ദേശീയപാത നിര്‍മാണത്തിന്റെ പുതിയ പദ്ധതിയില്‍പ്പെടുത്തിയാണ് ചെയ്യുന്നത്. ഇലവുങ്കല്‍ – ചാലക്കയം റോഡിന്റെ പുനര്‍ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് നിര്‍വഹിക്കുന്നത്.
Story Highlights – reconstruction of Sabarimala roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here