കഞ്ചാവ് റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്തി; യുവാവ് പിടിയിൽ

വിദേശത്തേക്ക് വസ്ത്രങ്ങൾക്കൊപ്പം പാർസൽ ആയി ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ എൽ ജേക്കബ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴിയാണ് യുവാവ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇടുക്കി, പീരുമേട്, വാഗമൺ പുതുവിളാകത്ത് വീട്ടിൽ അജീഷ് ശശിധരൻ (25) ആണ് അറസ്റ്റിൽ ആയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷർട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്ന നിലയിലാണ് പാഴ്‌സൽ കൊറിയർ സ്ഥാപനത്തിൽ പ്രതി എത്തിച്ചത്.
Read Also : തൃശൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതി ചികിത്സയിലിരിക്കെ മരിച്ചു
വസ്ത്രങ്ങൾക്കിടയിൽ അതി സൂഷ്മമായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ചെറിയ പാക്കറ്റുകളിൽ ആക്കി ഓരോ തുണിത്തരങ്ങളോടും ഒപ്പം വെവ്വേറെ ആയി സ്‌കാനിംഗിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ആണ് ഒളിപ്പിച്ചിരുന്നത്.
മുൻപ് ഇത്തരത്തിൽ തുണിത്തരങ്ങൾ കഞ്ചാവ് പാർസൽ ആയി കൊറിയർ സർവീസ് വഴി അയച്ചിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതൽ പ്രതികൾ കഞ്ചാവ് കടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. സംഭവത്തിൽ ദുബായിലെ വിലാസക്കാരനെക്കുറിച്ചും മറ്റ് കൂട്ടാളികളെപറ്റിയും ഉള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നു. കേസിൽ അന്വേഷണം ഊർജിതമാക്കി.
കേസിൽ എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ്‌ഐമാരായ തോമസ് കെ എക്‌സ്, സുനിൽ കുമാർ, എഎസ്‌ഐമാരായ മണി, ഗോപി, പ്രദീപ്, എസ്‌സിപിഒമാരായ രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക്, റെജി തുടങ്ങിയവർ ആണ് കേസിൽ അന്വേഷണം നടത്തുന്നത്.
Story Highlights – cannabise seized, smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here