പെരിയ ഇരട്ടക്കൊലപാതക കേസ്; 24 മണിക്കൂറിനകം കേസ് ഡയറി കൈമാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിബിഐ

periya case

പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി 24 മണിക്കൂറിനകം കൈമാറണമെന്ന് സര്‍ക്കാരിനോട് സിബിഐ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലാണ് സിബിഐ ആവശ്യം ഉന്നയിച്ചത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാത്ത പശ്ചാത്തലത്തിലാണ് സിബിഐ നിലപാട് കടുപ്പിച്ചത്.

കേസ് ഡയറി 24 മണിക്കൂറിനകം കൈമാറണമെന്ന് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, കേസ് സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ രേഖകള്‍ സിബിഐയ്ക്ക് നല്‍കാനാവില്ലെന്നും കോടതിക്ക് കൈമാമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിയമ തടസമുണ്ടെങ്കില്‍ കേസ് ഡയറി കോടതിയില്‍ സൂക്ഷിക്കാമെന്ന് സിബിഐ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിയായ സിപിഐഎം നേതാവ് പീതാംബരനടക്കം നല്‍കിയ ജാമ്യാപേക്ഷയിലാണ് സിബിഐയുടെ അഭിഭാഷകന്‍ ഇക്കാര്യം സിംഗിള്‍ബെഞ്ചില്‍ അറിയിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്റ്റംബര്‍ 30 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച്, അന്വേഷണം സിബിഐയ്ക്കു വിട്ടത്. ഇതിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ 26 ന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ചും തള്ളിയിരുന്നു. പിന്നീട് കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. പെരിയ കൊലപാതകത്തിന്റെ അന്വേഷണം സര്‍ക്കാര്‍ തടസപ്പെടുത്തുന്നതായി കാണിച്ച് സുപ്രിംകോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സിബിഐയുടെ അടുത്ത നീക്കം.

Story Highlights periya murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top