തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടുന്നതിന് നിരോധനമുണ്ട്. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതള്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. നാളെ രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ.

കണ്ടെയിന്‍മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തണം.

കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് അഞ്ചുപേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയിന്‍മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

ഒക്ടോബര്‍ രണ്ടിനു മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Story Highlights Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top