രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,442 രോഗികൾ

രാജ്യത്ത് 66 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 74,442 പോസിറ്റീവ് കേസുകളും 903 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 84.34 ശതമാനമായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.

രാജ്യത്തെ പ്രതിദിന കേസുകൾ കുറയുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം തുടരുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുകൾ ഇങ്ങനെ: ആകെ പോസിറ്റീവ് കേസുകൾ 66,23,816 ആയി. ആകെ മരണം 1,02,685. ചികിത്സയിലുള്ളവരുടെ എണ്ണം 9,34,427 ആണ്. തുടർച്ചയായ പതിനാലാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെ തുടരുന്നത് ശുഭസൂചനയായിട്ടാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. രോഗമുക്തരുടെ എണ്ണം 55,86,704 ആയി ഉയർന്നു. മരണനിരക്ക് 1.55 ശതമാനത്തിൽ തുടരുകയാണ്. സാമ്പിൾ പരിശോധനകളുടെ എണ്ണം എട്ട് കോടിക്ക് അരികെയെത്തി. ഇതുവരെ 7,99,82,394 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 9,89,860 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, കൊവിഡ് കേസുകളുടെ മൂർധന്യാവസ്ഥ ഇന്ത്യ മറികടന്നിരിക്കാമെന്ന സൂചനയാണ് ധനകാര്യ മന്ത്രാലയം നൽകുന്നത്. സെപ്റ്റംബർ 17 മുതൽ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉച്ചസ്ഥായിയിൽ എത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ കൊവിഡ് ഭീഷണി അകന്നു പോയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Story Highlights Covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top