ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; ബന്ധുക്കളുടെ മൊഴി എടുത്തു

ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ മുൻപാകെ ബന്ധുക്കൾ മൊഴി നൽകി. കുറ്റാരോപിതരായ ഡോക്ടർമാരുടെ കൂടി മൊഴിയെടുത്ത ശേഷം സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി.
തെളിവെടുപ്പ് പുരോഗമിക്കുകയാണന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികൾക്കായി റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും കളക്ടർ വ്യക്തമാക്കി. പിതാവ് എൻസി ശരീഫ് കളക്ട്രേറ്റിലെത്തി മൊഴി നൽകി. ആദ്യമായാണ് തങ്ങളുടെ ഭാഗം കേൾക്കുന്നതെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയന്നും ശരീഫ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കളക്ടർ മൊഴി നൽകുന്നതിനായി ബന്ധുക്കളോട് നേരിട്ട് ഹാജരാകാൻ അവശ്യപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളജിലെ ആരോപണ വിധേയരായ ജീവനക്കാരോടും മൊഴിയെടുക്കുന്നതിനായി നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – manjeri medical college, twins death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here