Advertisement

ഐസിഎംആര്‍ സര്‍വേ പ്രകാരം സംസ്ഥാനത്തെ കൊവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍

October 6, 2020
1 minute Read

ഐസിഎംആര്‍ സര്‍വേ പ്രകാരം സംസ്ഥാനത്തെ കൊവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയെ സെറോ സര്‍വേ പ്രകാരം കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്കാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്. ദേശീയ തലത്തില്‍ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മെയ് മാസത്തില്‍ നടത്തിയ സെറോ സര്‍വേ പ്രകാരം 0.73 ശതമാനമായിരുന്നു ദേശീയ തലത്തില്‍ കൊവിഡ് വ്യാപനം. അത് ഇപ്പോള്‍ 6.6 ശതമാനമായി, ഏകദേശം ഒന്‍പത് ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ കേരളത്തില്‍ അത് 0.33 ശതമാനത്തില്‍ നിന്നും 0.8 ശതമാനമായി. ഏകദേശം 2.4 ഇരട്ടി. ഈ രീതിയിലാണ് ഉയര്‍ന്നത്. ദേശീയ ജനസാന്ദ്രതയുടെ ഇരട്ടിയോളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓര്‍ക്കുമ്പോഴാണ് ഈ വ്യത്യാസം എത്രമാത്രം പ്രധാനമാണെന്ന് മനസിലാവുക.

വയോജനങ്ങളുടെ ജനസംഖ്യാനുപാതവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വന്ന സംസ്ഥാനമാണ് നമ്മുടേത്. നഗര, ഗ്രാമഭേദം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇതൊക്കെ കൊവിഡ് വ്യാപനത്തിന് അനുകൂല ഘടകമാണ്. എന്നിട്ടും രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായ തോതില്‍ കുറഞ്ഞ നിരക്കില്‍ പിടിച്ചുനിര്‍ത്താന്‍ ഇതുവരെ സാധിച്ചുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെറുതെയായില്ലെന്ന് ഇതിലൂടെ മനസിലാക്കാം.

എല്ലാവര്‍ക്കും രോഗം വരുമെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ധാരണ തെറ്റാണെന്ന് ഈ പഠനം തെളിയിക്കുന്നുണ്ട്. 0.8 ശതമാനം ആളുകളില്‍ മാത്രമാണ് രോഗം വന്നുപോയത്. നമ്മുടെ ആരോഗ്യ പ്രതിരോധ സംവിധാനങ്ങളുടെ മികവു കൂടി ഈ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പഠന പ്രകാരം ഒരു കേസിന് ആനുപാതികമായി 10 എണ്ണമാണ് കണ്ടെത്താതെ പോകുന്ന കേസുകള്‍. എന്നാല്‍ ദേശീയ തലത്തില്‍ അത് 100 ന് മുകളിലാണ്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മികവും ആത്മാര്‍ത്ഥതയുമാണ് ഈ വ്യത്യാസത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights icmr sero survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top