സനൂപിന്റെ കൊലപാതകം; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂരിൽ പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കൊലപാതകം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് ആയിട്ടില്ല.
സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ബിജെപിയും സംഘപരിവർ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഐഎം ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു.
Read Also :സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാറെന്ന് കോടിയേരി ബാലകൃഷ്ണൻ
അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം രാത്രിയോടെ ഷൊർണ്ണൂർ ശാന്തി തീരത്തിൽ സംസ്‌കരിച്ചു.
Story Highlights – Sanoop murder, Cpim, Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here