സ്വര്‍ണക്കടത്ത് കേസ്; തീവ്രവാദക്കുറ്റം ചുമത്താന്‍ എന്താണ് തെളിവെന്ന് എന്‍ഐഎ കോടതി

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് വീണ്ടും തെളിവ് ചോദിച്ച് എന്‍ഐഎ കോടതി. പ്രതികളുടെ ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്, കോടതി എന്‍ഐഎ അന്വേഷണ സംഘത്തോട് തുടര്‍ച്ചയായി തെളിവ് ആരാഞ്ഞത്. കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎയാണോ പ്രതിവിധി. കേസില്‍ ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസിനെ തീവ്രവാദ പ്രവര്‍ത്തനവുമായി എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. അന്വേഷണം ആരംഭിച്ച് 90 ദിവസം ആയിട്ടും ഭീകരബന്ധത്തിന് തെളിവ് കണ്ടെത്തിയില്ലേയെന്ന് കോടതി ചോദിച്ചു. യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയ അനുമാനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയ തെളിവുകള്‍ എവിടെയെന്ന് കോടതി ചോദിച്ചു.

കള്ളക്കടത്ത് കേസുകള്‍ക്ക് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ആരാഞ്ഞു. വിമാനത്താവളങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന 2019 ലെ കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കുന്നതിനാണ് കള്ളക്കടത്ത്. ഇത്തരത്തില്‍ രാജ്യത്ത് എത്തുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. പ്രതികള്‍ സ്വാധീനം ഉള്ളവരാണ്. യുഎഇയെ എന്തിനാണ് സുരക്ഷിത കേന്ദ്രമായി പ്രതികള്‍ കാണുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക ലാഭം ആയിരുന്നില്ല പ്രതികളുടെ ലക്ഷ്യം. മുംബൈ സ്ഫോടനങ്ങള്‍ക്ക് ദാവൂദ് സംഘം പണം കണ്ടെത്തിയത് സ്വര്‍ണക്കടത്തിലൂടെയാണ്. തുടങ്ങിയ കാര്യങ്ങളാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള എന്‍ഐഎ യുടെ പ്രധാന വാദങ്ങള്‍. എന്‍ഐഎ വാദങ്ങള്‍ അന്വേഷണം തുടരാന്‍ പര്യാപ്തമാണെന്ന് നീരീക്ഷിച്ച കോടതി ഇതിന് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതെന്തിനെന്നും ചോദിച്ചു. ഡിജിറ്റല്‍ തെളിവുകയുടെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടാനുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി തിങ്കളാഴ്ച പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. ചൊവ്വാഴ്ച ജാമ്യാപേക്ഷകളില്‍ വിധി പറയും

Story Highlights Gold smuggling case, NIA court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top