ഐപിഎൽ മാച്ച് 22: ജയം തേടി സൺറൈസേഴ്സും കിംഗ്സ് ഇലവനും; ഗെയിൽ കളിച്ചേക്കും

srh kxip ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 22ആം മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. പോയിൻ്റ് പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമുള്ള രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഒരു തോൽവി കൂടി വഴങ്ങിയാൽ ഇരു ടീമുകൾക്കും അവസാന നാലിലേക്കുള്ള പ്രവേശനം വളരെ ദുഷ്കരമാവും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം വിജയിച്ച് സാധ്യത നിലനിർത്താനാവും ഇരുവരും ഇറങ്ങുക. ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം.

5 മത്സരങ്ങളിൽ നിന്ന് രണ്ട് ജയമാണ് സൺറൈസേഴ്സിൻ്റെ സമ്പാദ്യം. മികച്ച, സന്തുലിതമായ ഒരു ടീം ഉണ്ടായിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ല എന്നത് സൺറൈസേഴ്സിനെ സംബന്ധിച്ച് തിരിച്ചടിയാണ്. കെയിൻ വില്ല്യംസണിൻ്റെ വരവ് മധ്യനിരയെ അല്പം കൂടി ശക്തിപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ തിളങ്ങിയത്. ഡേവിഡ് വാർണർ കഴിഞ്ഞ സീസണുകളിലെ ഫോമിലേക്ക് എത്തിയിട്ടില്ല. ബെയർസ്റ്റോയും ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് നടത്തിയത്. മനീഷ് പാണ്ഡെയുടെ കാര്യവും അങ്ങനെ തന്നെ. പ്രിയം ഗാർഗ്, അബ്ദുൽ സമദ്, അഭിഷേക് ശർമ്മ എന്നിവരടങ്ങിയ യുവാക്കൾ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഭുവനേശ്വർ കുമാർ പരുക്കേറ്റ് പുറത്തായത് സൻറൈസേഴ്സിന് കനത്ത തിരിച്ചടിയാണ്. ഭുവിക്ക് പകരം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ സിദ്ധാർത്ഥ് കൗൾ 64 റൺസ് വഴങ്ങിയത് മാനേജ്മെൻ്റിനു തലവേദനയാവും. ഖലീൽ അഹ്മദ്, ഭുവിക്ക് പകരമെത്തിയ യറ പൃഥ്വിരാജ്, ബേസിൽ തമ്പി എന്നിവരിൽ ഒരാൾ കൗളിനു പകരം ഇന്ന് ടീമിൽ ഇറങ്ങിയേക്കും. നടരാജൻ്റെ ഡെത്ത് ഓവറുകളാണ് സൺറൈസേഴ്സിനുള്ള ആശ്വാസം. പവർപ്ലേ ഓവറുകളിൽ എഫക്ടീവാണ് എന്നതു കൊണ്ട് തന്നെ സന്ദീപ് ശർമ്മ തുടരാൻ സാധ്യതയുണ്ട്.

കിംഗ്സ് ഇലവൻ പഞ്ചാബും സമാന പ്രശ്നമാണ് അഭിമുഖീകരിക്കുന്നത്. കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പൂരാൻ എന്നിവർ കഴിഞ്ഞാൽ ബാറ്റിംഗ് ഫയർപവർ തീർന്നു. മാക്സ്‌വലും ഓൾറൗണ്ടറായി പരീക്ഷിച്ച ജിമ്മി നീഷവും ക്രിസ് ജോർഡനും പരാജയമായത് മറ്റ് ഓപ്ഷനുകൾ തേടാൻ മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. മാക്സ്‌വെലിനു പകരം ക്രിസ് ഗെയിൽ എത്തിയേക്കും. എങ്ങനെയെങ്കിൽ ഗെയിലും മായങ്കും ഓപ്പൺ ചെയ്ത് രാഹുലിന് മൂന്നാം നമ്പറിൽ ഇറങ്ങാം. അല്ലെങ്കിൽ മായങ്കിനെ മൂന്നാം നമ്പറിൽ ഇറക്കി രാഹുലിനും ഓപ്പൺ ചെയ്യാം. ജോർഡനു പകരം മുജീബ് റഹ്മാൻ എത്തും. ബൗളിംഗിലെ അസ്ഥിരത മുജീബ് പരിഹരിക്കും. ഡെത്ത് ഓവറുകളിൽ തല്ല് വാങ്ങുന്ന ഷെൽഡൻ കോട്രലിനു പകരം ഹാർഡസ് വിൽജോണും ടീമിൽ ഉൾപ്പെട്ടേക്കാം.

Story Highlights sunrisers hyderabad vs kings xi punjab preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top