വയോധികന്റെ മുഖത്തടിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊല്ലം ജില്ലയിലെ ചടയമംഗലം മഞ്ഞപ്പാറയില്‍ പൊലീസ് വയോധികന്റെ മുഖത്തടിച്ച സംഭവത്തില്‍ പ്രൊബേഷന്‍ എസ്.ഐയ്ക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വൃദ്ധനെ വഴിയില്‍ ഉപേക്ഷിച്ചത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പൊലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറി. പൊലീസിന്റെ ക്രൂര നടപടി ട്വന്റി ഫോറാണ് പുറത്തുവിട്ടത്.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തതിനാണ് മഞ്ഞപ്പാറ സ്വദേശി രാമാനന്ദന്‍ നായരെ പ്രൊബേഷന്‍ എസ്.ഐ ഷജീം മര്‍ദിച്ചത്. ദൃശ്യങ്ങള്‍ ട്വന്റി ഫോര്‍ പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി ബി. വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. പ്രൊബേഷന്‍ എസ്.ഐ ഷജീമിന്റെ നടപടി ഗുരുതരവീഴ്ച്ചയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാമാനന്ദന്‍ നായരുടെ കരണത്ത് അടിച്ചത് അനുചിത നടപടിയാണ്. അറസ്റ്റിന് ശ്രമിക്കുമ്പോള്‍ ബലം പ്രയോഗിക്കുന്നവരെ കരണത്ത് അടിക്കുന്നത് പൊലീസിന്റെ രീതിയല്ല. കൂടുതല്‍ പൊലീസുകാരെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. മുഖത്ത് അടികൊണ്ട രാമാനന്ദന്‍ നായര്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് എസ്.ഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. മര്‍ദനമേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ചത് തെറ്റാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കൈമാറി. റൂറല്‍ എസ്.പിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിശദറിപ്പോര്‍ട്ട് പൊലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറി.
കൊല്ലം ജില്ലാ സബ് ജഡ്ജ് സബിത ചിറയ്ക്കല്‍ രാമാനന്ദന്‍ നായരുടെ വീട്ടില്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തി. അദ്ദേഹത്തിന് നിയമസഹായം വേണോ എന്ന് അറിയുന്നതിനാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചുമതലയുള്ള സബ് ജഡ്ജ് നേരിട്ടെത്തിയത്. സബ് ജഡ്ജിന്റെ റിപ്പോര്‍ട്ട് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറും.
Story Highlights – Special Branch reported SI had suffered a serious mistake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here