വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട്; സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്

life mission

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനം. നിർമാണ കരാർ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം വിജിലൻസ് സംഘം തിങ്കളാഴ്ച പരിശോധിക്കും.

വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലൻസ് നിലപാട്. സന്തോഷ് ഈപ്പന്റെ മൊഴി ആദ്യം രേഖപ്പെടുത്തിയെങ്കിലും പദ്ധതിയിൽ യൂണിടാക് ഇടം പിടിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തതയില്ല.
സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിലെ വിശദീകരണവും തൃപ്തികരമല്ല.എം ശിവശങ്കറുമായി 2019 ഓഗസ്റ്റ് രണ്ടിന് കൂടിക്കാഴ്ച നടത്തിയെന്നാണ് സന്തോഷ് ഈപ്പൻ ഇഡിക്ക് നൽകിയിരുന്ന മൊഴി. എന്നാൽ വിജിലൻസിൽ നിന്ന് ഇത് മറച്ചുവച്ചത് കൂടി പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളുടെ പ്രാഥമിക പരിശോധനയിൽ വിജിലൻസ് കമ്മീഷൻ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളാണ് പരിശോധിച്ചത്. യൂണിടാകിന്റെ അക്കൗണ്ടിൽ നിന്ന് നാല് കോടി ഇരുപത് ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. യു.എ.ഇ. കോൺസുലേറ്റിൽ നിന്ന് പദ്ധതിക്കായി ലഭിച്ച ആദ്യ ഗഡുവായ ഏഴരക്കോടി രൂപയിൽ നിന്നാണ് കമ്മീഷൻ നൽകിയത്. ലഭിച്ച നാലരകോടിയിൽ നിന്ന് സന്ദീപ് നായർ മൂന്ന് കോടി അറുപത് ലക്ഷം രൂപ പിൻവലിച്ചു. ഈ തുക സ്വപ്നയും സംഘവും ചേർന്ന് യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് കൈമാറി. സന്ദീപിന്റെ അക്കൗണ്ടിൽ ശേഷിച്ച അറുപത് ലക്ഷം രൂപ സ്വപ്നയും സന്ദീപും സരിത്തും പങ്കിട്ടെടുത്തു. ദുബായിയിൽവച്ച് മൂന്ന് കോടി അറുപത് ലക്ഷം രൂപ യു.എ.ഇ കോൺസുലേറ്റ് ജനറലിന് കൈമാറിയെന്ന് സ്വപ്ന തന്നോട് പറഞ്ഞതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് വിജിലൻസ് കരുതുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ യൂണിടാകിന് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പതിമൂന്നു കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം വിജിലൻസ് സംഘം തിങ്കളാഴ്ച പരിശോധിക്കും.

Story Highlights Life mission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top