ഡികോക്കിനും സൂര്യകുമാറിനും ഫിഫ്റ്റി; മുംബൈക്ക് അനായാസ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 5 വിക്കറ്റിനാണ് മുംബൈ ടേബിൾ ടോപ്പർമാരെ പരാജയപ്പെടുത്തിയത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ വിക്കറ്റ് നഷ്ടപ്പെടുത്തി 2 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി വേണ്ടി ക്വിൻ്റൺ ഡികോക്ക്, സൂര്യകുമാർ യാദവ് എന്നിവർ ഫിഫ്റ്റിയടിച്ചു. ഇരുവരും 53 റൺസ് വീതമെടുത്ത് ടോപ്പ്പ് സ്കോറർമാരായി. ഡൽഹിക്ക് വേണ്ടി കഗീസോ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.
Read Also : ധവാന് സീസണിലെ ആദ്യ ഫിഫ്റ്റി; മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം
മുംബൈക്കും മോശം തുടക്കമാണ് ലഭിച്ചത്. അഞ്ചാം ഓവറിൽ തന്നെ രോഹിത് ശർമ്മയെ അക്സർ പട്ടേൽ കഗീസോ റബാഡയുടെ കൈകളിൽ എത്തിച്ചു. പിന്നീടങ്ങോട്ട് ഏറിയ പങ്കും കളി മുംബൈയുടെ വരുതിയിലായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ക്വിൻ്റൺ ഡികോക്ക്-സൂര്യകുമാർ യാദവ് സഖ്യം അനായാസം ബാറ്റ് ചെയ്തതോടെ മുംബൈയുടെ സ്കോർ കുതിച്ചു. 33 പന്തുകളിൽ ഡികോക്ക് ഫിഫ്റ്റി തികച്ചു. ഏറെ വൈകാതെ താരം പുറത്തായി. 36 പന്തുകളിൽ 53 റൺസെടുത്ത ഡികോക്കിനെ ആർ അശ്വിൻ പൃഥ്വി ഷായുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 46 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് ഡികോക്ക് മടങ്ങിയത്.
ഡികോക്കിൻ്റെ ഔട്ട് സൂര്യകുമാർ യാദവിനെ ബാധിച്ചില്ല. ഇഷൻ കിഷനെ കാഴ്ചക്കാരനാക്കി സൂര്യകുമാർ കത്തിക്കയറി. അനായാസം ബാറ്റിംഗ് തുടർന്ന സൂര്യ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ആ ഓവറിൽ തന്നെ കൂറ്റനടിക്ക് ശ്രമിച്ച സൂര്യക്ക് പിഴച്ചു. റബാഡയുടെ പന്തിൽ ശ്രേയാസ് അയ്യർ പിടിച്ച് താരം പുറത്തായി. 32 പന്തുകളിൽ 52 റൺസെടുത്ത താരം മൂന്നാം വിക്കറ്റിൽ ഇഷൻ കിഷനുമൊത്ത് 53 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. പുറത്തായെങ്കിലും മുംബൈയെ വിജയത്തിൻ്റെ വക്കിലെത്തിച്ചാണ് സൂര്യ മടങ്ങിയത്. സൂര്യകുമാർ പുറത്തായതിനു പിന്നാലെ ഹർദ്ദിക് പാണ്ഡ്യയും (0) മടങ്ങി. മാർക്കസ് സ്റ്റോയിനിസിൻ്റെ പന്തിൽ അലക്സ് കാരിയാണ് പാണ്ഡ്യയെ പിടികൂടിയത്.
Read Also : ഐപിഎൽ മാച്ച് 27: ഇന്ന് കരുത്തരുടെ പോര്; ഡൽഹിയിൽ രഹാനെയ്ക്ക് അരങ്ങേറ്റം
നന്നായി ബാറ്റ് ചെയ്ത ഇഷൻ കിഷനാണ് പിന്നീട് പവലിയനിൽ മടങ്ങിയെത്തിയത്. കഗീസോ റബാഡയ്ക്കെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച കിഷനെ അക്സർ പട്ടേൽ പിടികൂടുകയായിരുന്നു. 15 പന്തുകളിൽ 28 റൺസെടുത്താണ് യുവ വിക്കറ്റ് കീപ്പർ പുറത്തായത്. അവസാന ഓവറിൽ ഏഴ് റൺസായിരുന്നു വിജയലക്ഷ്യം. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ കൃണാൽ പാണ്ഡ്യ ബൗണ്ടറിയടിച്ചു. തുടർന്ന് എല്ലാം എളുപ്പമായിരുന്നു. നാലാം പന്തിൽ ഒരു ബൗണ്ടറി കൂടി നേടി കൃണാൽ മുംബൈയെ വിജയിപ്പിച്ചു. കൃണാൽ (12), പൊള്ളാർഡ് (11) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – mumbai indians delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here