ലൈഫ് പദ്ധതിക്ക് മുൻപും കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്ന

ലൈഫ് മിഷൻ പദ്ധതിക്ക് മുൻപും കമ്മീഷൻ കിട്ടിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കാണ് കമ്മീഷൻ ലഭിച്ചത്. സ്വപ്‌ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോൺസുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. വയറിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നതിനായിരുന്നു ഇത്. യുഎ ഇ കോൺസുലേറ്റ് വഴിയാണ് ഇതിനായി പണമെത്തിയത്. കോൺസുലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നൽകിയതെന്നും ഇദ്ദേഹമാണ് കമ്മീഷൻ നൽകിയതെന്നും സ്വപ്ന മൊഴിയിൽ പറയുന്നത്. യുഎഇ കോൺസുലേറ്റുമായും താനുമായും അടുത്ത ബന്ധമുള്ളയാളാണ് കരാറിനും കമ്മീഷനും പിന്നിലെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
നേരത്തെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നിരുന്നു. കോൺസുൽ ജനറലുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അന്ന് മുതൽ ശിവശങ്കറുമായി ബന്ധമുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.
അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ സ്വപ്നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകി. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായർ കസ്റ്റംസിന് മൊഴി നൽകി.
Story Highlights – swapna suresh, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here