സ്വപ്നാ സുരേഷിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിന്റെ അന്വേഷണം വിജിലൻസിന് കൈമാറാൻ ആലോചന

swapna suresh vigilance case

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം വിജിലൻസിന് കൈമാറാൻ ആലോചന. കേസ് വിജിലൻസിന് കൈമാറുന്നതിൽ സിറ്റി പൊലീസ് നിയമോപദേശം തേടി. സ്വപ്നയ്ക്ക് ജോലി നൽകിയതിലൂടെ സർക്കാർ ഖജനാവിന് 20 ലക്ഷം നഷ്ടമുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക്കിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബി.കോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്നും ഇതിലൂടെ സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസന്വേഷണം വിജിലൻസിന് കൈമാറാൻ ആലോചിക്കുന്നത്. നിലവിൽ കേസന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യം, സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയതിൽ ആരൊക്കെ ഇടപെട്ടു, എന്നീ കാര്യങ്ങങ്ങളിലാണ് വിജിലൻസ് അന്വേഷണ സാധ്യത കാണുന്നത്.

നിയമനം നേടിയ ശേഷം സ്വപ്നയ്ക്കായി 20 ലക്ഷം രൂപ ചിലവഴിച്ചെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സ്വപ്നയ്ക്ക് ലഭിച്ച ഈ ശമ്പളത്തിൽ കമ്മീഷൻ ഇനത്തിൽ പോയ തുകയെത്ര എന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യാജ സർട്ടിഫിക്കറ്റിന്റെ കാര്യം അധികൃതർക്ക് അറിയാമായിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇതിൽ വ്യക്തതയ്ക്കായി പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനും വിഷൻ ടെക്കിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോൺമെൻറ് പൊലീസ് നോട്ടിസ് നൽകിയെങ്കിലും ഇതു വരെയും ഹാജരായിട്ടില്ല. വിജിലൻസ് അന്വേഷണം വന്നാൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതടക്കം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.

Story Highlights swapna suresh vigilance case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top