കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; നടി ലക്ഷ്മി പ്രമോദിന് ജാമ്യം

കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം. ലക്ഷ്മി പ്രമോദിനും ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
കൊട്ടിയത്ത് റംസി ആത്മഹത്യചെയ്ത കേസിൽ അറസ്റ്റിലായ ഹാരിസിന്റെ ബന്ധു ലക്ഷ്മി പ്രമോദിന് തെളിവുകളുടെ അഭാവത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. തെളിവുകൾ ഇല്ലെങ്കിലും ശക്തമായ ജനരോക്ഷം നടിക്കെതിരെ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നടിക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകളുടെ അഭാവത്തിൽ ജനരോക്ഷം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം. ലക്ഷ്മി പ്രമോദിനൊപ്പം ഭർത്താവ് അസറുദ്ദീൻ, ഭർത്താവിന്റെ അമ്മ എന്നിവർക്കും ജാമ്യം അനുവദിച്ചു.
കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തത്. ഗർഭച്ഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി പറയുന്ന ശബ്ദ സന്ദേശം മരണത്തിനുശേഷം പുറത്തുവന്നിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചത് വരന്റെ ബന്ധു നടി ലക്ഷ്മി പ്രമോദ് ആണെന്നാണ് ആരോപണം.
Story Highlights – Woman commits suicide in Kottiyam; Actress Lakshmi Pramod released on bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here