നെയ്മറും ക്രിസ്ത്യാനോയും പോയിട്ട് ലീഗിന് ഒന്നും സംഭവിച്ചില്ല; മെസി പോയാലും അങ്ങനെ തന്നെ: ലാ ലിഗ പ്രസിഡന്റ്

ലയണൽ മെസി ബാഴ്സലോണ വിട്ടാലും ലാ ലിഗയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ തെബാസ്. മെസി സ്പെയിനിൽ തന്നെ തുടരുന്നതാണ് തനിക്ക് താത്പര്യമെന്നും എങ്കിലും മെസി പോയാലും ലീഗിന് ഒന്നും സംഭവിക്കില്ലെന്നും ഹെബാസ് പറഞ്ഞു. ഒരു ഇറ്റാലിയൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹെബാസ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Read Also : ‘നീ ഇങ്ങനെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല’; സുവാരസ് ക്ലബ് വിട്ടതിൽ വൈകാരികമായ കുറിപ്പുമായി മെസി
“മെസി പണം കൊണ്ടുവരുന്ന മെഷീൻ ആണ്. വർഷങ്ങളായി ഞങ്ങൾ മെസിയും ക്രിസ്ത്യാനോയും ലാ ലിഗ വിടുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. അതുകൊണ്ട് സാമ്പത്തികമായി അത് ഞങ്ങളെ കുഴപ്പത്തിലാക്കില്ല. നെയ്മർ പിഎസ്ജിയിലേക്ക് പോയപ്പോഴും ക്രിസ്ത്യാനോ യുവൻ്റസിലേക്ക് പോയപ്പോഴും ഫ്രഞ്ച് ലീഗോ സീരി എയോ ആഗോള നിലവാരത്തിലേക്ക് ഉയർന്നില്ല. മെസി പോയാലും അടുത്ത നാല് വർഷത്തേക്കുള്ള ആഗോള സംപ്രേഷണ കരാർ കൂടി ഞങ്ങൾക്കുണ്ട്. മെസി പോയെന്നു പറഞ്ഞ് ആ കരാർ ആരും റദ്ദാക്കില്ല. താരങ്ങൾ പ്രധാനികളാണെങ്കിലും താരങ്ങൾ ക്ലബ് വിട്ടാലും ലീഗ് നിലനിൽക്കും. ക്രിസ്ത്യാനോയും നെയ്മറും പോയിട്ടും ഞങ്ങൾ വളർന്നുകൊണ്ടേയിരുന്നു.”- ഹെബാസ് പറഞ്ഞു.
അതേ സമയം, ക്ലബ് മാനേജ്മെൻ്റുമായി മെസി തുറന്ന പോരിലാണ്. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. സീസൺ അവസാനത്തിൽ ക്ലബ് വിടണമെന്ന് മെസി ആവശ്യപ്പെട്ടു എങ്കിലും കരാറിലെ സാങ്കേതിക വശങ്ങൾ ഉയർത്തിക്കാട്ടി പ്രസിഡൻ്റ് ബാർതോമ്യു ഈ നീക്കത്തിന് തടയിട്ടു.
ഇതിനു പിന്നാലെ, ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനെ ക്ലബ് ഒഴിവാക്കിയതിനെതിരെയും മെസി ആഞ്ഞടിച്ചു. ഇതുപോലെ വലിച്ചെറിയപ്പെടേണ്ട ആളായിരുന്നില്ല താങ്കൾ എന്നും ഇപ്പോൾ മാനേജ്മെൻ്റി ഇങ്ങനെയൊക്കെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി പറഞ്ഞിരുന്നു.
Story Highlights – messis exit wont hurt la liga says president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here