Advertisement

അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ മുതല്‍

October 14, 2020
2 minutes Read
first phase of the International Institute of Virology will begin tomorrow
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ ആരംഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

കൊവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.റ്റി.പി.സി.ആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്‌സ്, കാര്‍ബണ്‍ ഡയോക്‌സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജമായി കഴിഞ്ഞു. മറ്റു പ്രധാന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

ഡോ. അഖില്‍ സി. ബാനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ വൈറോളജി വിഭാഗം തലവനായും തുടര്‍ന്ന് എന്‍.ഐ.എയില്‍ തന്നെ എമിരറ്റസ് സയന്റിസ്്്റ്റായും സേവനമനുഷ്ടിച്ച വ്യക്തിയാണദ്ദേഹം. ഡയറക്ടര്‍ക്കു പുറമെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി ഡോ. മോഹനന്‍ വലിയവീട്ടില്‍ സ്ഥാനമേറ്റിട്ടുണ്ട്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേര്‍ണിംഗ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്‌സുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍. ഇതോടൊപ്പം ബി.എസ്.എല്‍ 3 ലബോറട്ടറി സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു വിഭാഗങ്ങള്‍ 1 ബി ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ വൈറോളജി ഗവേഷണ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിനുള്ള അവസരവും ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിക്കും. ഇതുവഴി രോഗനിര്‍ണയത്തിനും ഗവേഷണത്തിനും കൂടുതല്‍ സാധ്യതകളാണ് വഴി തുറക്കുന്നത്. വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി വെക്ടര്‍ ഡൈനാമിക്സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ വൈറോളജി തുടങ്ങിയ ഗവേഷണ വിഭാഗങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാവും.

Story Highlights first phase of the International Institute of Virology will begin tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement